മലപ്പുറം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ച ചാരിറ്റി മത്സരം ആഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ‘ഒറ്റക്കെട്ടായി വയനാടിന് പന്തു തട്ടാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സൗഹൃദമത്സരത്തിൽ സൂപ്പർ ലീഗ് കേരള ടോപ് ഇലവനും മുഹമ്മദൻ സ്പോർട്ടിങ് ക്ലബും ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം. സെപ്റ്റംബർ ഏഴിന് തുടങ്ങുന്ന സൂപ്പർ ലീഗ് കേരളയിൽ പോരടിക്കുന്ന ആറ് ടീമുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന താരങ്ങളാണ് കേരള ടോപ് ഇലവനിൽ ബൂട്ടുകെട്ടുക. ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്ക് പിന്തുണയേകുന്നതിന് പണം കണ്ടെത്താനാണ് ഫുട്ബാൾ പ്രതിഭകളെ ഒരുമിച്ചുകൂട്ടി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽനിന്നുള്ള വരുമാനത്തിനോടൊപ്പം വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനായി സൂപ്പർ ലീഗ് കേരളയും സംഭാവന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പയ്യനാട്ട് സംഘടിപ്പിക്കുന്ന സൗഹൃദമത്സരം കേവലം ഫുട്ബാൾ ആഘോഷം മാത്രമല്ല വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്കു വേണ്ടിയുള്ള കരുതലും ശക്തിപകരാനുള്ള അവസരം കൂടിയാണെന്നും സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. ഈ മത്സരത്തിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി ഫുട്ബാളിനെ നെഞ്ചിലേറ്റിയ മലയാളികൾ ഒത്തുചേരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിൽ തിരഞ്ഞെടുക്കപ്പെട്ട പരിചയസമ്പന്നരെയും യുവനിരയെയും കോർത്തിണക്കിയായിരിക്കും സൂപ്പർ ലീഗ് കേരള ടോപ് ഇലവൻ ടീമിനെ അണിനിരത്തുക. പ്രമുഖ താരങ്ങളായ ആദിൽ ഖാൻ, അസിയർ ഗോമേസ്, പാട്രിക് മോട്ടാ ഉൾപ്പെടെയുള്ളവർ സൂപ്പർ ലീഗ് കേരള ടോപ് ഇലവനിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മറ്റു കളിക്കാർ ആരൊക്കെയെന്ന് ഉടനെ പ്രഖ്യാപിക്കും. സൂപ്പർ ലീഗിനെത്തിയ മികച്ച താരങ്ങളെ പരമാവധി ഉൾപ്പെടുത്തി ആരാധകർക്ക് അവിസ്മരണീയ മത്സരാനുഭൂതി നൽകാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മുഹമ്മദൻ ക്ലബും മുൻനിരയെ മത്സരിപ്പിക്കുമെന്നാണ് സൂചന. ജോസഫ് അട്ജെയ്, പദം ഛേത്രി, അലക്സിസ് നാഹുൽ ഗോമെസ്, കാർലോസ് ഹെൻറിക് ഫ്രാൻസ് ഫ്രേഇർസ്, അബ്ദുൽ കാതിരി ഉൾപ്പെടെയുള്ള പ്രമുഖർ മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനായി അണിനിരക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ടിക്കറ്റുകൾ Paytm Insider വഴിയാണ് ലഭ്യമാക്കുന്നത്. സ്റ്റേഡിയത്തിന് സമീപവും ഓൺലൈനായി ടിക്കറ്റെടുക്കാൻ സൗകര്യമൊരുക്കും. 199 രൂപ മുതൽ 500 രൂപ വരെുള്ള ടിക്കറ്റാണ് പൊതുജനങ്ങൾക്കായി നൽകുന്നത്. ഇതിനൊപ്പം പ്രീമിയം ടിക്കറ്റുകളും സംഘാടകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. വലിയ ആരാധകക്കൂട്ടത്തെയാണ് പയ്യനാട്ട് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.