ഷില്ലോങ്: ഡ്യൂറൻഡ് കപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ്. ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ വമ്പന്മാരെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് ഇവർ സെമി ഫൈനലിൽ കടന്നു. എട്ടാം മിനിറ്റിൽ മാർകോസ് റുഡ്വേറെ സിൽവയിലൂടെ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 78ാം മിനിറ്റിൽ നന്ദകുമാർ ശേഖർ സമനില പിടിച്ചെങ്കിലും 83ൽ ഫിഗോ സിൻഡായ് ലജോങ്ങിനായി വിജയ ഗോൾ നേടി.
അസമിലെ ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ ആർമിയെ തോൽപിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡും സെമിയിൽ പ്രവേശിച്ചു. സ്പാനിഷ് താരങ്ങളായ നെസ്റ്റർ അൽബിയാഷും (52) ഗില്ലർമോ ഫെർണാണ്ടസുമാണ് (73) സ്കോർ ചെയ്തത്. 13ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന് ലഭിച്ച സുവർണാവസരം ഗോളാക്കുന്നതിൽ മലയാളി താരം എം.എസ്. ജിതിന് പിഴച്ചു. ആദ്യ പകുതിയിൽ ഇരു ടീമിനും സ്കോർ കണ്ടെത്താനായില്ല. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് പൂട്ടുപൊട്ടിച്ചത്.
ബോക്സിലേക്ക് ഗില്ലർമോ നൽകിയ പാസ് വലയിലാക്കി അൽബിയാഷ്. 20 മിനിറ്റിന് ശേഷം ലീഡ് ഇരട്ടിയാക്കി ഇവർ. റദീമാണ് ഗില്ലർമോയുടെ ഗോളിന് വഴിയൊരുക്കിയത്. വെള്ളിയാഴ്ച ജാംഷഡ്പുരിൽ നടക്കുന്ന ക്വാർട്ടറിൽ മോഹൻബഗാനെ പഞ്ചാബ് എഫ്.സിയും കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്.സിയും നേരിടും.
കൊൽക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കൊൽക്കത്തയിൽനിന്ന് മാറ്റരുതെന്ന ആവശ്യവുമായി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബുകളുടെ സംയുക്ത വാർത്തസമ്മേളനം.
ക്ലബ് അധികൃതരുടെയും ആരാധകരുടെയും പ്രതിഷേധം രാഷ്ട്രീയവത്കരിക്കരുതെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നും കൊൽക്കത്തയിലെ ബദ്ധവൈരികളായ ‘ബിഗ് 3’ ക്ലബുകൾ ആവശ്യപ്പെട്ടു. മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം കൊൽക്കത്തയിൽതന്നെ നടത്താൻ നടപടിയെടുക്കണമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ മുഖ്യമന്ത്രി മമത ബാനർജിയോട് അഭ്യർഥിച്ചു.
സുരക്ഷ കാരണങ്ങളാൽ കഴിഞ്ഞ ഞായറാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഈസ്റ്റ് ബംഗാൾ -മോഹൻ ബഗാൻ ഡെർബി ഉപേക്ഷിച്ചിരുന്നു. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങളും ഷെഡ്യൂൾ പ്രകാരം കൊൽക്കത്തയിൽതന്നെ നടത്തണമെന്ന് മോഹൻ ബഗാൻ ക്ലബ് സെക്രട്ടറി ദേബാശിഷ് ദത്ത ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.