പയ്യനാട് (മലപ്പുറം): അലമാല കണക്കെ ആർത്തിരമ്പിയ സഹസ്രങ്ങളെ നെഞ്ചിലേറ്റി സന്തോഷ് ട്രോഫി ഫുട്ബാളിൻറെ കലാശപ്പോരിലേക്ക് പന്തടിച്ചുകയറി കേരളം. പയ്യനാട് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മൂന്നിനെതിരെ ഏഴ് ഗോളിന് അയൽക്കാരായ കർണാടകയെ കശക്കിയാണ് ആതിഥേയർ ഫൈനൽ ടിക്കറ്റെടുത്തത്.
കേരളത്തിന് വേണ്ടി ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികച്ച പകരക്കാൻ സ്ട്രൈക്കർ ജെസിൻ തോണിക്കര അഞ്ചു ഗോളുകൾ നേടി. 35, 42, 44, 56, 74 മിനിറ്റുകളിലായിരുന്നു ജെസിൻറെ ഗോൾ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഷിഗിലും 52ാം മിനിറ്റിൽ അർജുൻ ജയരാജും സ്കോർ ചെയ്തു. കർണാടകക്ക് വേണ്ടി സുധീർ കൊട്ടികല (25), കമലേഷ് (54), തൊലൈമലൈ (62) എന്നിവരും ഗോളടിച്ചു. മെയ് രണ്ടിന് നടക്കുന്ന സെമി ഫൈനലിൽ വെള്ളിയാഴ്ചത്തെ മണിപ്പൂർ-ബംഗാൾ രണ്ടാം സെമി വിജയികളെ കേരളം നേരിടും. കളിയുടെ തുടക്കം മുതൽ കേരളത്തിൻറെ ആക്രമണമാണ് കണ്ടത്. ആദ്യ അരമണിക്കൂറിൽ ലഭിച്ച ഗോളവസരങ്ങൾ പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ല.
25ാം മിനിറ്റിൽ കൊട്ടികലയിലൂടെ അപ്രതീക്ഷിതമായി കർണാടക ലീഡ് പിടിച്ചു. ഗോൾ വീണതോടെ മുറിവേറ്റ കേരളം പിന്നീട് പുറത്തെടുത്ത ജീവന്മരണ കളി. 30ാം മിനിറ്റിൽ സ്ട്രൈക്കർ വിഘ്നേഷിനെ പിൻവലിച്ച് ജെസിനെ ഇറക്കിയതോടെ ആക്രമണത്തിന് മൂർച്ച കൂടി. ഒമ്പത് മിനിറ്റിനകം ജെസിൻ കർണാടകയുടെ വലയിലേക്ക് തൊടുത്ത് വിട്ടത് മൂന്ന് ഗോളുകൾ. സന്തോഷ് ട്രോഫിയിൽ ഇത് 15ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. ആറ് തവണ കിരീടം നേടിയപ്പോൾ എട്ട് പ്രാവശ്യം രണ്ടാം സ്ഥാനക്കാരായി. 2018ൽ കൊൽക്കത്തയിൽ ബംഗാളിന് തോൽപ്പിച്ചാണ് ഏറ്റവും ഒടുവിൽ കിരീടം നേടിയത്. ഇക്കുറി സെമി ഫൈനലിലേക്ക് ആതിഥേയർ എത്തിയത് അപരാജിതരായാണ്. നാലിൽ മൂന്നും ജയിച്ചപ്പോൾ ഒന്ന് സമനിലയിലായി.
കൈയടിക്കാൻ താരനിര
മഞ്ചേരി: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിലെ ആദ്യ സെമിയിൽ കേരളത്തിനായി കൈയടിക്കാനെത്തിയത് വൻ താരനിര. ഗതാഗത മന്ത്രി ആന്റണി രാജു, മുൻ കായിക മന്ത്രി എം. വിജയകുമാർ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത്, മുൻ താരങ്ങളായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, കെ.ടി. ചാക്കോ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, എം.എൽ.എമാരായ യു.എ. ലത്തീഫ്, എ.പി. അനിൽകുമാർ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, സബ് കലക്ടർ ശ്രീധന്യ സുരേഷ്, മുൻ കേരള ക്യാപ്റ്റൻ വി.പി. സത്യന്റെ ഭാര്യ അനിത സത്യൻ, എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ എന്നിവർ ഗാലറിയിലെത്തി. സി.കെ. വിനീത്, ഐ.എം. വിജയൻ, ജോപോൾ തുടങ്ങിയവർ കുടുംബസമേതമാണ് എത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.