ഇട്ടനഗര്‍: സന്തോഷ് ട്രോഫി ഫുട്ബാളിൽ അവസാന ഗ്രൂപ് മത്സരത്തിൽ സർവിസസിനോട് സമനിലയിൽ രക്ഷപ്പെട്ട് കേരളം. നോക്കൗട്ട് നേരത്തേ ഉറപ്പിച്ചതിനാൽ അപ്രധാനമായ കളിയിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇ. സജീഷാണ് കേരളത്തിന്റെ സ്കോററെങ്കിൽ സമീർ മുർമുവിന്റെ വകയായിരുന്നു സർവിസസിന്റെ ഗോൾ. മത്സരത്തിൽ ആദ്യം ലീഡെടുത്തത് കേരളമാണ്. 22ാം മിനിറ്റിൽ വി. അർജുന്റെ ക്രോസിൽ ഹെഡറിലൂടെ സജീഷാണ് ഗോൾ നേടിയത്. എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനിൽക്കെ സര്‍വിസസ് ഒപ്പമെത്തി. സമീർ മുർമുവായിരുന്നു സമനില ഗോളിനുടമ.
തോൽവിയും ജയവും നോക്കൗട്ട് യോഗ്യതയെ ബാധിക്കില്ലെന്നതിനാൽ ഇരു ടീമും തുടക്കംമുതൽ കരുതലോടെയാണ് കളി നയിച്ചത്. കൊണ്ടുംകൊടുത്തും താളം നഷ്ടപ്പെടാതെ ഇരു നിരയും മുന്നേറിയപ്പോൾ അവസരങ്ങൾ ഇരുവശത്തും തുറന്നുകിട്ടി. പന്ത് കൈവശം വെച്ചുള്ള കളി കേരളം സ്വീകരിച്ചതുകൂടിയായിരുന്നു സവിശേഷത. അർജുൻ, സഫ്നീദ്, ഗ്രേഷ്യസ് എന്നിവർ മധ്യത്തിലും സജീഷ്, നരേഷ് എന്നിവർ മുന്നിലും കൃത്യമായ വഴക്കത്തോടെ നീക്കങ്ങൾ നെയ്തു. ഗ്രൂപ് ഘട്ടത്തിൽ മറ്റു ടീമുകളെക്കാൾ ഒരു പടി മുന്നിൽനിന്ന സർവിസസിനെതിരെ ആദ്യം ഗോൾ കണ്ടെത്താനും ഇത് സഹായിച്ചു. അര്ജുന് ബോക്സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്തില്‍നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഉയര്‍ന്നുവന്ന പന്ത് കിടിലന്‍ ഹെഡറിൽ സജീഷ് വലയിലാക്കി. ഗോൾ വീണതോടെ കളി കൂടുതൽ കടുത്തതാക്കിയ പട്ടാളക്കാർ ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചു. ഇതിനൊടുവിലായിരുന്നു ആദ്യ പകുതിയിലെ സമനില ഗോൾ.
അഞ്ചു മാറ്റങ്ങളോടെയാണ് സര്‍വിസസിനെതിരെ കോച്ച് സതീവന്‍ ബാലന് ടീമിനെ ഇറക്കിയത്. പ്രതിരോധത്തില്‍ മുഹമ്മദ് സാലിം, ജി. സഞ്ജു എന്നിവര്‍ക്കു പകരം ശരത് പ്രശാന്തും ആര്. സുജിത്തും വന്നു. മധ്യനിരയില്‍ ജിതിനു പകരം വി. അര്‍ജുനും മുന്നേറ്റത്തില്‍ മുഹമ്മദ് ആഷിഖിനു പകരം ഇ. സജീഷുമെത്തി. ഗോള്‍കീപ്പര്‍ മുഹമ്മദ് അസ്ഹറിനു പകരം മുഹമ്മദ് നിഷാദിന് ആദ്യമായി അവസരം ലഭിച്ചു. ഉച്ചക്കുശേഷം നടന്ന രണ്ടാമത്തെ കളിയിൽ ഗോവയും അസമും മൂന്നു വീതം ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യം രണ്ടു ഗോളിന് പിന്നിൽനിന്നശേഷം മൂന്നെണ്ണമടിച്ച് എതിരാളികളെ ഞെട്ടിച്ച അസം ഒടുവിൽ ഒന്ന് തിരിച്ചടിച്ച് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഗോവക്കായി ഡെൽറ്റൺ കൊളാകോ, ലോയ്ഡ് കാർഡോസോ, ജോഷ്വ ഡിസിൽവ എന്നിവരും അസം നിരയിൽ പ്രഗ്യാൻ സുന്ദർ, സുദീപ്ത കോൻവർ, മിലാൻ ബസുമതാരി എന്നിവരും വല കുലുക്കി.
ഗ്രൂപ്പിൽ 10 പോയന്റുമായി സർവിസസ് ഒന്നാമതെത്തിയപ്പോൾ ജയം കൈവിട്ടതോടെ കേരളത്തിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്കു കയറാനുള്ള അവസരം നഷ്ടമായി. ഒമ്പതു പോയന്റുള്ള ഗോവയാണ് രണ്ടാമത്. മൂന്നാം സ്ഥാനക്കാരായ കേരളത്തിന് എട്ടു പോയന്റ്. ഏഴു പോയന്റുമായി നാലാമന്മാരായ അസമും ഗ്രൂപ്പിൽ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരാകും കേരളത്തിന് ക്വാർട്ടറിൽ എതിരാളികൾ. മത്സരം ചൊവ്വാഴ്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.