കോഴിക്കോട്: മലപ്പുറം ആതിഥേയരാകുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി യുവത്വവും പരിചയസമ്പത്തും ചേർന്ന കേരള ടീം. 20 അംഗ സംഘത്തെ മിഡ്ഫീൽഡറും കെ.എസ്.ഇ.ബിയുടെ അതിഥി താരവുമായ തൃശൂർ സ്വദേശി ജിജോ ജോസഫ് നയിക്കും. സന്തോഷ് ട്രോഫി ടീമിൽ കളിച്ച് പരിചയമുള്ള ഏഴ് പേർ ടീമിലുണ്ട്. ബാക്കിയുള്ളവർ കന്നിക്കാരാണ്. മലപ്പുറത്തുനിന്ന് ആറും എറണാകുളത്തുനിന്ന് അഞ്ചും കളിക്കാരുണ്ട്. കേരള യുനൈറ്റഡ് എഫ്.സിയുടെ ആറ് താരങ്ങൾ ടീമിലിടം നേടി.
കേരള പ്രീമിയർ ലീഗ് ജേതാക്കളായ ഗോൾഡൻ ത്രഡ്സിന്റെയും മൂന്നും റണ്ണേഴ്സപ്പായ കെ.എസ്.ഇ.ബിയുടെ നാലും താരങ്ങളുണ്ട്. കന്യാകുമാരി സ്വദേശിയായ കെ.എസ്.ഇ.ബിയുടെ മുന്നേറ്റനിരക്കാരൻ എം. വിഘ്നേഷിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. സോയൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ് (ഗോൾഡൻ ത്രഡ്സ്), എ.പി മുഹമ്മദ് ഷഈഫ് (പറപ്പൂർ എഫ്.സി), മുഹമ്മദ് ബാസിത് (കേരള ബ്ലാസ്റ്റേഴ്സ്) എന്നിവർ ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ കളിച്ച ടീമിലുണ്ടായിരുന്നില്ല. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഈ താരങ്ങൾക്ക് തുണയായത്. മുന്നേറ്റനിരയിലെ മൂന്ന് കളിക്കാരും പുതുമുഖങ്ങളാണ്. 30കാരനായ ജിജോ ജോസഫാണ് ടീമിലെ പ്രായമേറിയ താരം. 19 വയസ്സുള്ള മുഹമ്മദ് ഷഈഫാണ് 'ബേബി'. 23 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. പ്രശസ്ത പരിശീലകനായ ബിനോ ജോർജാണ് കോച്ച്. ടി.ജി പുരുഷോത്തമൻ, സജി ജോയ്, മുഹമ്മദ് എന്നിവരും പരിശീലക സംഘത്തിലുണ്ട്. മുഹമ്മദ് സലീമാണ് മാനേജർ.
വിനു ജോർജ്, കെ.വി. ധനേഷ്, അബ്ദുൽ നൗഷാദ്, ജി. പുരുഷോത്തമൻ എന്നിവരായിരുന്നു സെലക്ടർമാർ. കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽ കുമാർ ടീം പ്രഖ്യാപിച്ചു. പ്രസിഡന്റ് ടോം ജോസ്, ടീമിന്റെ മുഖ്യസ്പോൺസറായ രാംകോ സിമന്റിന്റെ ബ്രാൻഡ് മാനേജ്മെന്റ് സീനിയർ ജനറൽ മാനേജർ രമേഷ് ഭരത്, മാർക്കറ്റിങ് സീനിയർ മാനേജർ പി.എം സിജു, കെ.ഡി.എഫ്.എ പ്രസിഡന്റ് പി. രഘുനാഥ്, കെ.എഫ്.എ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, ട്രഷറർ എം. ശിവകുമാർ എന്നിവർ ടീം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
ഈ മാസം 16ന് മഞ്ചേരിയിലും കോട്ടപ്പടിയിലുമാണ് 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്. മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ ടീമുകളുൾപ്പെടുന്ന എ. ഗ്രൂപ്പിലാണ് ആതിഥേയരായ കേരളം കളിക്കുന്നത്. 16ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ കന്നിയങ്കം.
അറ്റാക്കിങ്ങിന് പ്രാധാന്യം നൽകിയുള്ള കളിയാകും സന്തോഷ് ട്രോഫിയിലും ലക്ഷ്യമിടുന്നതെന്ന് മുഖ്യപരിശീലകൻ ബിനോ ജോർജ്. മധ്യനിരയാണ് ടീമിന്റെ കരുത്ത്. മികച്ച കളിക്കൊപ്പം ഭാഗ്യവുമുണ്ടെങ്കിൽ മുന്നേറാനാകും. ഐ.എസ്.എല്ലിലും ഐ ലീഗിലും കളിച്ച് പരിചയമുള്ളവർ മുതൽക്കൂട്ടാണ്. സെമി ഫൈനലിലെത്തുകയാണ് ആദ്യ കടമ്പ. മലപ്പുറത്തെ കാണികൾ ടീമിലെ 12ാമനായി ഗംഭീര പിന്തുണയേകുമെന്നുറപ്പാണെന്നും ബിനോ പറഞ്ഞു. ജയിക്കാനായി നൂറു ശതമാനം പ്രയത്നിക്കുമെന്നും സഹതാരങ്ങളിൽ പൂർണ വിശ്വാസമാണെന്നും ക്യാപ്റ്റൻ ജിജോ ജോസഫ് പറഞ്ഞു. ചാമ്പ്യൻഷിപ്പ് നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നതെന്ന് കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.