മലപ്പുറം ജില്ല ആദ്യമായി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകാൻപോവുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. കാലിക്കറ്റ് സർവകലാശാല, കോട്ടപ്പടി, തിരൂർ, എടപ്പാൾ, എടവണ്ണ, മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്േറ്റഡിയങ്ങൾ പരിശീലനത്തിനും പരിഗണിക്കുന്നു. സന്തോഷ് ട്രോഫി മത്സരങ്ങളും പരിശീലനവും നടക്കാനിരിക്കുന്ന മൈതാനങ്ങളിലൂടെ.
പയ്യനാട് സ്റ്റേഡിയം
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി പയ്യനാട് സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ഗാലറിയിൽ കാഴ്ചക്ക് അസൗകര്യം നേരിടുന്ന ചില ഭാഗങ്ങൾ ഉയർത്താനും സൗകര്യങ്ങൾ കൂട്ടാനുമുള്ള പ്രവൃത്തികളാണ് നടക്കുക. ഇതിന് പുറമെ പവലിയന് താഴെ സ്ഥാപിക്കാൻ 1000 പുതിയ കസേരകൾ വാങ്ങും. ഗാലറിക്ക് താഴെയുള്ള പഴയ കസേരകൾ അറ്റകുറ്റപ്പണി നടത്തും. സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കാനും പദ്ധതിയുണ്ട്. നിലവിൽ 1200 വെർട്ടിക്കൽ ലക്സ് പ്രകാശതീവ്രതയുള്ള വിളക്കുകളാണ് സ്ഥാപിച്ചത്. ഇത് വർധിപ്പിക്കാനും ആലോചനയുണ്ട്. നാല് കോടി രൂപ ചെലവിലാണ് ഫ്ലഡ്ലൈറ്റ് സ്ഥാപിച്ചത്.
കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം
ദേശീയ അന്തർ സർവകലാശാല ഫുട്ബാൾ, ദക്ഷിണേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ തുടങ്ങിയവക്ക് വേദിയായ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ പര്യാപ്തമാണ്. ഗാലറി, ഡ്രസ്സിങ് റൂം, ശുചിമുറി തുടങ്ങിയവയെല്ലാമുണ്ട്. ജില്ലയിലെ മറ്റ് സ്റ്റേഡിയങ്ങൾ പരിശോധിച്ച് മടങ്ങവെയാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ സർവകലാശാല മൈതാനം സന്ദർശിച്ചത്. സൗകര്യങ്ങളുടെ കാര്യത്തിൽ സംതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയം
ജില്ല ആസ്ഥാനത്തെ കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഗാലറിയിലെ ഇരിപ്പിടത്തിൽ മാറ്റ് വിരിച്ചു. സ്ഥിരം കസേരകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സന്തോഷ് ട്രോഫി പരിശീലനത്തിന് നൽകേണ്ടി വരുമെന്ന് ഉറപ്പായതോടെ ടർഫിലെ വിടവുകൾ നികത്തൽ, കുഴികൾ അടക്കൽ തുടങ്ങിയവ താമസിയാതെ തുടങ്ങും. മഴ മാറാൻ കാത്തിരിക്കുകയാണ് അധികൃതർ.
എടവണ്ണ സീതി ഹാജി സ്റ്റേഡിയം
പയ്യനാട് സ്റ്റേഡിയം സന്തോഷ് ട്രോഫി മത്സരത്തിന് വേദിയാകാൻ ഒരുങ്ങുമ്പോൾ മത്സരത്തിനെത്തുന്ന ടീമുകൾക്ക് പരിശീലനത്തിനായി ഒരുങ്ങുകയാണ് എടവണ്ണ സീതി ഹാജി സ്റ്റേഡിയം. 100 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലുമുള്ള ജില്ലയിലെ നാല് ഇലവൻസ് മൈതാനങ്ങളിൽ പ്രധാനപ്പെട്ടതാണിത്. പരിമിതിക്കുള്ളിൽ ആധുനിക സൗകര്യങ്ങളോടെ സന്തോഷ് ട്രോഫി താരങ്ങൾക്ക് പരിശീലനം നടത്താൻ സജ്ജമാണ്. നിരവധി തവണ സംസ്ഥാന, ജില്ല, അഖിലേന്ത്യ ഫുട്ബാൾ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
മഞ്ചേരി ബോയ്സ് സ്കൂൾ മൈതാനം
പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ ടീമുകൾക്ക് പരിശീലനം നടത്താനുള്ള മൈതാന പട്ടികയിൽ മുൻപന്തിയിലാണ് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം. സ്റ്റേഡിയത്തിലേക്ക് ഇവിടെ നിന്ന് അധികദൂരമില്ലെന്നത് സാധ്യത വർധിപ്പിക്കുന്നു. എന്നാൽ, അസൗകര്യങ്ങൾക്ക് നടുവിലാണ് ഇവിടം. കളിക്കാർക്ക് വിശ്രമിക്കാനും വസ്ത്രം മാറാനും മതിയായ സൗകര്യങ്ങൾ ഇല്ല. ശുചിമുറികളുടെ അഭാവവുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ മൈതാനം വേണ്ടത്ര ഉപയോഗിക്കാതിരുന്നതോടെ പല ഭാഗത്തും പുല്ലും മുളച്ചു. പരിശീലനത്തിന് ഉപയോഗിക്കണമെങ്കിൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കേണ്ടി വരും.
എടപ്പാൾ സ്കൂൾ സ്റ്റേഡിയം
ഒക്ടോബർ ആദ്യം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.
ഫ്ലഡ്ലിറ്റ്, നാച്വറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോട കൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുഡ്ബാൾ കോർട്ട് എന്നിവക്ക് പുറമേ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എജുക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ശുചിമുറി സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെൻററും ഇവിടെയുണ്ട്. ഫ്രെബുവരിയിലാണ് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. എന്നാൽ, ഇതുവരെ പന്തുരുണ്ടിട്ടില്ല. സന്തോഷ് ട്രോഫി മത്സരം തന്നെ എടപ്പാളിലേക്ക് ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പരിശീലന മൈതാനമാവുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം
സന്തോഷ് ട്രോഫി മത്സരത്തിന് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം വേദിയാവുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല. പരിശീലന മൈതാനമായി പരിഗണിക്കുന്നുണ്ട്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ബാത്ത് റൂം, കളിക്കാർക്കുള്ള ഡ്രസ്സിങ് റൂം എന്നീ സൗകര്യങ്ങളില്ലാത്തതിനാലാണ് സന്തോഷ് ട്രോഫി മത്സരം തിരൂരിൽ നടക്കുമോയെന്ന കാര്യത്തിൽ എ.ഐ.എഫ്.എഫ് ഇതുവരെ ഉറപ്പ് നൽകാത്തത്. സൗകര്യം ഒരുക്കുന്നതിെൻറ പേരിൽ തിരൂർ നഗരസഭ ഭരണപക്ഷ, പ്രതിപക്ഷ പഴിചാരലിനും ഇടയാക്കിയിരുന്നു.ഉടൻ മതിയായ സൗകര്യമൊരുക്കുമെന്നാണ് തിരൂർ നഗരസഭ ചെയർപേഴ്സനും വൈസ് ചെയർമാനും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.