മഞ്ചേരി/മലപ്പുറം: ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഒരുക്കം പുരോഗമിക്കവെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘത്തിന്റെ സന്ദർശനം. എ.ഐ.എഫ്.എഫ് കോമ്പറ്റീഷന് മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂസ് എന്നിവരാണ് മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയവും പരിശോധിച്ചത്. രാവിലെ 9.30നാണ് ടൂർണമെന്റിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്. ഉച്ചക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. മൈതാനങ്ങളുടെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. ഗോൾ പോസ്റ്റുകൾ, ഗോൾ ലൈൻ, കളിക്കാർക്കുള്ള മുറി, മെഡിക്കൽ റൂം, വി.ഐ.പി പവിലിയൻ, മീഡിയ ഗാലറി എന്നിവ സന്ദർശിച്ചു.
പയ്യനാട്ട് നിർദേശിച്ചത് ഒട്ടേറെ പ്രവൃത്തികൾ
പയ്യനാട് സ്റ്റേഡിയത്തിൽ ഫുട്ബാൾ ഫെഡറേഷൻ സംഘം നിർദേശിച്ചത് ഒട്ടേറെ പ്രവൃത്തികൾ. മൈതാനത്തിലെ കോർണർ ഫ്ലാഗിന്റെയും ഗോൾ പോസ്റ്റിന്റെയും പിറകിലായി പുല്ലുകൾ വേണം. ഗോൾ പോസ്റ്റ് പെയിന്റ് ചെയ്യാനും നിർദേശിച്ചു. കളിക്കാർക്കായി നാല് മുറികളാണുള്ളത്. ഇവിടെയുള്ള അലമാരകൾ ഒരോ ഭാഗത്തേക്കായി നീക്കിയിടാനും ഒഫീഷ്യൽസിനുള്ള കസേരകൾ ഒരുക്കാനും നിർദേശിച്ചു. നാല് മുറിയിലേക്കും റഫ്രിജറേറ്ററും വാങ്ങേണ്ടി വരും. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി കാമറകൾ സ്ഥാപിക്കാനുള്ള സ്റ്റാൻഡ്, മീഡിയ റൂമിന്റെ സൗകര്യം വര്‍ധിപ്പിക്കല്‍, മെഡിക്കൽ സംവിധാനത്തിനായി നാല് ആംബുലൻസുകൾ എന്നിവയും നിർദേശിച്ചു.
ഗാലറിയിലേക്കും മീഡിയ പവിലിയനിലേക്കും വെവ്വേറെ വഴികൾ സജ്ജമാക്കണം. ഫോട്ടോഗ്രാഫർമാരെ പ്രത്യേകം ഗേറ്റ് വഴി കടത്തിവിടണം, കോച്ചുമാരുടെയും കളിക്കാരുടെയും വാർത്തസമ്മേളനങ്ങൾക്കായുള്ള കോൺഫറൻസ് ഹാളിലും മാറ്റങ്ങൾ നിർദേശിച്ചു. നിലവിലെ 1200 ലെഗ്സസ് പ്രകാശ തീവ്രതയുള്ള ഫ്ലഡ്ലൈറ്റ് 2000 ലെഗ്സസായി ഉയർത്താൻ നടപടി ആയിട്ടുണ്ട്. പ്രവൃത്തി ഏറ്റെടുത്ത ബംഗളൂരു ആസ്ഥാനമായുള്ള ലൈറ്റിങ് ടെക്നോളജി കമ്പനി ജനറൽ മാനേജറുമായി രാഹുൽ പരേശ്വർ ഫോണിൽ ബന്ധപ്പെട്ടു. ലൈറ്റിൽ നടത്തുന്ന പ്രവൃത്തികൾ വിവരിച്ചു. സ്റ്റേഡിയത്തിന്റെ പുറത്ത് കാണികൾക്ക് എത്തുന്നതിന് ആവശ്യമായ ലൈറ്റ് ഒരുക്കണം. ടിക്കറ്റ് കൗണ്ടർ പ്രവേശന കവാടത്തോട് ചേർന്ന് സജ്ജമാക്കാനും സംഘം നിർദേശിച്ചു.
കോട്ടപ്പടിയിലും വേഗം വേണം
കോട്ടപ്പടി സ്റ്റേഡിയത്തിൽ പുല്ലുകളുടെ പരിപാലനത്തിൽ തൃപ്തി അറിയിച്ച സംഘം പെയിന്റിങ് പ്രവര്‍ത്തനങ്ങളും ഫെന്‍സിങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ശുചീകരണ പ്രവൃത്തിയും വേഗത്തിലാക്കാനും നിര്‍ദേശിച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ക്ക് പുറമെ പരിശീലന മൈതാനങ്ങളും പരിശോധിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. സ്റ്റേഡിയങ്ങളുടെ പരിശോധനകള്‍ക്ക് പുറമെ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമുള്ള നഗരത്തിലെ താമസസൗകര്യങ്ങളും സംഘം പരിശോധിച്ചു.
മൊത്തത്തിൽ തൃപ്തി
നിലവിലെ പ്രവര്‍ത്തനങ്ങളില്‍ എ.ഐ.എഫ്.എഫ് സംഘം തൃപ്തി അറിയിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10നകം സ്റ്റേഡിയം ഫെഡറേഷന് കൈമാറണം. എ.ഐ.എഫ്.എഫ് സംഘങ്ങള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ പി. ഹൃഷികേശ് കുമാര്‍, കെ. അബ്ദുല്‍ നാസര്‍, സി. സുരേഷ്, കേരള ഫുട്ബാള്‍ അസോസിയേഷന് പ്രതിനിധി എം. മുഹമ്മദ് സലിം, ജില്ല ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് പി. അഷ്റഫ്, സെക്രട്ടറി പി.എം. സുധീര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
'സന്തോഷാരവം' 30 മുതൽ; ഉദ്ഘാടനവും കളറാവും
ജില്ലയിലേക്ക് വിരുന്നെത്തുന്ന സന്തോഷ് ട്രോഫിയെ കളറാക്കാൻ ഒട്ടേറെ പ്രചാരണ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. 'സന്തോഷാരവം' എന്ന പേരിൽ നടക്കുന്ന വാഹന പ്രചാരണം ഈ മാസം 30ന് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 16 മണ്ഡലങ്ങളിലും വാഹനം പ്രചാരണം നടത്തും. ഷൂട്ടൗട്ട് മത്സരം, ക്വിസ് എന്നിവയും നടക്കും. വിജയികൾക്ക് ടീ ഷർട്ടുകൾ സമ്മാനമായി നൽകും. പ്രചാരണത്തിന് കൊഴുപ്പേകാൻ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും വിവിധ കേന്ദ്രങ്ങളിലെത്തും.ഉദ്ഘാടന ചടങ്ങ് പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ താരം സഹൽ അബ്ദുസ്സമദിനെ എത്തിക്കാൻ സംഘാടകർ ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.