തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബാള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. പി.കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍. 2018ല്‍ കേരളം ചാമ്പ്യന്മാരായപ്പോൾ പരിശീലകൻ സതീവന്‍ ബാലൻ ആയിരുന്നു.
പരിശീലക സ്ഥാനത്തേക്ക് അഞ്ചുപേരെയാണ് കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്. കേരളത്തിന്റെ മുന്‍ കോച്ച് ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി.ജി പുരുഷോത്തമന്‍, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ്.സി പരിശീലകൻ ഷഫീഖ് ഹസ്സന്‍ എന്നിവരാണ് സതീവൻ ബാലന് പുറമെ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത്.
ക്യൂബയിൽ പോയി ആറുവർഷം കായിക വിദ്യാഭ്യാസം പഠിച്ച സതീവൻ, 1995ലാണ് പരിശീലക കുപ്പായമണിഞ്ഞത്. കൊൽക്കത്തയിലെ സായ് കേന്ദ്രത്തിലായിരുന്നു തുടക്കം. പിന്നീട് കേരളത്തിലെത്തി. 1999ൽ സ്പോർട്സ് കൗൺസിലിൽ കരാറടിസ്ഥാനത്തിൽ ഫുട്ബാൾ പരിശീലകനായി. 2001ൽ സ്ഥിരനിയമനം. 2003ൽ മുൻ ഇന്ത്യൻ ഫുട്‌ബാൾ പരിശീലകനായ സ്‌റ്റീഫൻ കോൺസ്റ്റൻറയിനിന്റെ വിശ്വസ്‌തനായി. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യ അണ്ടർ 19 ടീമിന്റെ പരിശീലകൻ, സെലക്ടർ, നിരീക്ഷകൻ തുടങ്ങി വിവിധ വേഷങ്ങളിൽ ഫുട്ബാൾ ലോകത്ത് നിറഞ്ഞാടി. സതീവന്റെ നേതൃത്വത്തിൽ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാമ്പ്യന്മാരാകുകയും പാകിസ്താനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാകുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല ടീമിനെ മൂന്നുവട്ടം അന്തർ സർവകലാശാല ചാമ്പ്യന്മാരാക്കി.
ഈ മിടുക്കാണ് 2018ൽ സന്തോഷ് ട്രോഫി ടീമിനെ ഒരുക്കാനുള്ള ചുമതലയിലെത്തിച്ചത്. ബാലന്റെ തന്ത്രങ്ങൾക്കുമേൽ ക്യാപ്റ്റൻ രാഹുൽ വി. രാജിന്റെ നേതൃത്വത്തിലുള്ള യുവനിര കളത്തിൽ നിറഞ്ഞാടിയപ്പോൾ 13 വർഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. പിന്നീട് കുറച്ചുകാലം ഗോകുലം കേരളയുടെ സഹപരിശീലകനായിരുന്നു.
സന്തോഷ് ട്രോഫി പ്രാഥമികറൗണ്ടിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.