റിയോ ഡി ജെനീറോ: അടുത്തിടെയാണ് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി കരിയറിൽ ഒരുക്ലബിനു വേണ്ടി ഏറ്റവും കുടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്. ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ 643 ഗോളുകളെന്ന റെക്കോഡാണ് ഡിസംബർ 22ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ മെസ്സി മറികടന്നത്.
ഈ സാഹചര്യത്തിൽ സൗഹൃദ മത്സരങ്ങളിലെ ഗോളുകളുടെ എണ്ണം മറന്നുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് പെലെയുടെ ക്ലബായ ബ്രസീലിലെ സാേന്റാസ്. സൗഹൃദ മത്സരങ്ങളിൽ നിന്ന് നേടിയ 443 ഗോളുകൾ കൂടി ചേർത്താൽ പെലെ തന്നെയാണ് പട്ടികയിൽ ബഹുദൂരം മുന്നിലെന്നാണ് സാേന്റാസിന്റെ പക്ഷം.
'കിങ് പെലെ -1091 ഗോൾ ഫോർ സാേന്റാസ്' എന്ന തലക്കെട്ടിൽ ക്ലബ് ചരിത്രകാരൻ ഫെർണാണ്ടോ റിബെയ്റോ ക്ലബ് വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
'കഴിഞ്ഞ കുറച്ച് ദിവസമായി സാേന്റാസ് ജഴ്സിയിൽ പെലെ നേടിയ ഗോളുകളുടെ എണ്ണത്തെ കുറിച്ചാണ് ചർച്ച. ചില സ്റ്റാററിസ്റ്റീഷ്യൻമാരുടെ കണക്കുകൾ പ്രകാരം അർജന്‍റീന താരം ലയണൽ മെസ്സി ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി. സൗഹൃദ മത്സരങ്ങളിലെ ഗോളുകൾ കണക്കാക്കാതെയാണിത്' -ലേഖനത്തിൽ അദ്ദേഹം എഴുതി.
'സാേന്റാസിനായി പെലെ 1,091 ഗോളുകൾ നേടി. ചില പ്രത്യേക മാധ്യമങ്ങളുടെ കണക്കുകൾ പ്രകാരം 'ഫുട്ബാൾ രാജാവ്' ഒൗദ്യോഗിക മത്സരങ്ങളിൽ നിന്ന് 643ഉം സൗഹൃദ മത്സരങ്ങളിൽ 448ഉം ഗോളുകശാണ് നേടിയത്. സൗഹൃദ മത്സരങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് മൂല്യം കുറഞ്ഞ പോലെ തോന്നുന്നു' -അദ്ദേഹം പറഞ്ഞു.
ആ 448 ഗോളുകൾ ഇന്നത്തെ പ്രധാന ടീമുകൾക്കെതിരായിരുന്നുവെന്നും 1960 കളിൽ അമേരിക്ക (മെക്സിക്കോ), കോളോ കോളോ (ചിലെ), ഇന്‍റർ മിലാൻ (ഇറ്റലി), മെസ്സിയുെട ടീമായ ബാഴ്സലോണ എന്നിവക്കെതിരെയും പെലെ ഗോളുകൾ അടിച്ചു കൂട്ടിയിരുന്നുന്നതായി ലേഖനത്തിൽ അദ്ദേഹം ചുണ്ടിക്കാണിക്കുന്നു.
പെലെയുടെ കരിയർ ഗോളുകളുടെ എണ്ണം പതിറ്റാണ്ടുകളായി ചർച്ചാവിഷയമായിരുന്നു. പെലെയുടെ ഗോളുകളിൽ അധികവും കുഞ്ഞൻ ടീമുകൾക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.