മഞ്ചേരി: ഇടവഴികൾക്കുപോലും ഫുട്ബാളിന്‍റെ മണമുള്ള മലപ്പുറത്തുനിന്ന് കാൽപന്തിന്‍റെ പെരുന്നാളിന് സന്തോഷത്തോടെ മടക്കം. 17 ദിനരാത്രങ്ങൾ പന്തിന് പിന്നാലെ പാഞ്ഞവർക്ക് ആതിഥേയരായ കേരളം ബംഗാളിനെ തോൽപ്പിച്ച് സന്തോഷക്കിരീടം ചൂടിയതോടെ ലഭിച്ചത് ഒന്നൊന്നര പെരുന്നാൾ സമ്മാനം.
കപ്പിൽ മുത്തമിട്ട ടീമിലുൾപ്പെട്ട ആറുപേരും ഈ മണ്ണിൽ നിന്നുള്ളവരാണെന്നത് മലപ്പുറം ജില്ലയുടെ കായികപാരമ്പര്യത്തിന് ഒരിക്കൽ കൂടി അടിവരയിട്ടു. ഫെഡറേഷൻ കപ്പിന് ശേഷം ലഭിച്ച ആദ്യ ടൂർണമെൻറിനെ ജനം ഹൃദയത്തോട് ചേർത്തു. തിങ്ങിനിറഞ്ഞ മൈതാനം മഞ്ചേരിയുടെ 'മാറക്കാന'യും 'മാഞ്ചസ്റ്ററും' 'മാഡ്രിഡു'മായി മാറി.
പച്ചപ്പണിഞ്ഞ പയ്യനാട് മൈതാനത്തും കോട്ടപ്പടി ഗ്രൗണ്ടിലുമായാണ് സന്തോഷ് ട്രോഫിയുടെ പ്ലാറ്റിനം എഡിഷന്‍റെ പന്തുരുണ്ടത്. വിവിധ മേഖലകളിൽ നിന്ന് യോഗ്യതകൾ ജയിച്ചെത്തിയ കരുത്തരായ പത്ത് ടീമുകളാണ് മലപ്പുറത്തിന്‍റെ മണ്ണിലേക്ക് എത്തിയത്. അതിൽ തന്നെ ഇന്ത്യൻ ഫുട്ബാളിന്‍റെ പവർ ഹൗസുകളായ കേരളവും ബംഗാളും ഫൈനൽ കളിച്ചതോടെ 'ഫുട്ബാളിന്‍റെ മക്ക'യിൽ ആവേശത്തിന്‍റെ ലഹരി നുരഞ്ഞു. പെരുന്നാൾ തലേന്നത്തെ കാൽപന്ത് പൂരം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. ഗാലറിയിൽ ആവേശതിരമാലകൾ അലയടിച്ചു.
റമദാൻ നാളിൽ കളി നടക്കുന്നതിനാൽ ആൾ കുറയുമോയെന്ന സംഘാടകരുടെ ആവലാതികൾ അസ്ഥാനത്താക്കി കേരളം പന്ത് തട്ടിയ ദിവസങ്ങളിൽ കാണികൾ നിറഞ്ഞു. കേരളത്തിന്‍റേതൊഴികെ മറ്റ് ടീമുകളുടെ മത്സരങ്ങളെല്ലാം പയ്യനാട്ടിലും കോട്ടപ്പടിയിലുമായി നടന്നു. ഫൈനലടക്കം 23 കളികളിൽ നിന്നായി 78 ഗോളുകളാണ് പിറന്നത്. ഇതിൽ 19 ഗോളുകളും കേരളത്തിന്‍റെ ബൂട്ടുകളിൽ നിന്നായിരുന്നു. കേരളം-കർണാടക ആദ്യസെമിയിലാണ് ചാമ്പ്യൻഷിപ്പിലെ ഗോൾമഴ പിറന്നത്. ഇരുടീമുകളും കൂടി പന്ത് വലയിലെത്തിച്ചത് പത്ത് തവണ.
ഗ്രൂപ് ഘട്ടത്തിലെ ബംഗാൾ-മേഘാലയ പോരാട്ടത്തിലും ഏഴ് ഗോൾ പിറന്നു. 11 മലയാളി താരങ്ങളും മറ്റ് സംസ്ഥാനങ്ങൾക്കായി ബൂട്ടുകെട്ടി. നിറഞ്ഞ കാണികളെ കണ്ട് മറ്റു ടീമുകളുടെ പരിശീലകരും അന്താളിച്ചു. കാണികളെക്കുറിച്ച് വർണിക്കാൻ അവർക്ക് വാക്കുകളുണ്ടായില്ല. മലപ്പുറത്തിന്‍റെ മണ്ണിലേക്ക് ആദ്യമായി വിരുന്നെത്തിയ ചാമ്പ്യൻഷിപ്പ് പന്തുരുളും കാലത്തോളം ആരാധകരുടെ മനസ്സിൽ മായാതെ കിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.