ഇട്ടാനഗർ: വടക്കുകിഴക്കൻ അങ്കം കണ്ട ഇട്ടാനഗർ ഗോൾഡൻ ജൂബിലി മൈതാനത്ത് അസമിനെ മുക്കി മുൻചാമ്പ്യന്മാർ സെമിയിൽ. വാങ്ഖിമയും സദാനന്ദ ഹാട്രിക്കുമായി നിറഞ്ഞുനിന്ന കളിയിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു മണിപ്പൂർ വിജയം. ആദ്യ 20 മിനിറ്റിനിടെ നാലു ഗോൾ അടിച്ചുകൂട്ടി എതിരാളികളുടെ എല്ലാ സാധ്യതകളും അടച്ചുകളഞ്ഞായിരുന്നു മണിപ്പൂരിന്റെ തുടക്കം.
നാലാം മിനിറ്റിൽ വല കുലുക്കി സനാതോയ് മീതെയ് ആണ് വലിയ തുടക്കം നൽകിയത്. വൈകാതെ രണ്ടടിച്ച് സദാനന്ദ ടീമിന്റെ ലീഡ് കാൽഡസനിലെത്തിച്ചു. പാച്ച സിങ് 19ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഗോളടിമേളം തൽക്കാലം അവിടെ നിർത്തിയ മണിപ്പൂർ രണ്ടാം പകുതിയിൽ മൂന്നെണ്ണം കൂടി അടിച്ചുകയറ്റി. 70ാം മിനിറ്റിൽ ഹെഡർ ഗോളിൽ വീണ്ടും തുടങ്ങിയ മണിപ്പൂരിനായി 82, 88 മിനിറ്റുകളിൽ മായ്ബാം ഡെനി സിങ്, ഇമാഴ്സൺ മെയ്തെയ് എന്നിവരും വലകുലുക്കി.
ജോയ്ദീപ് ഗൊഗോയ് 64ാം മിനിറ്റിൽ ഒരു ഗോളടിച്ചത് മാത്രമായിരുന്നു ചൊവ്വാഴ്ച അസം ടീമിന്റെ ഏക ആശ്വാസം. ആദ്യവസാനം കളംഭരിച്ച മണിപ്പൂരിനു മുന്നിൽ നിഷ്പ്രഭമായി പോയ അയൽക്കാരോട് ഒരു ഘട്ടത്തിലും മയംകാട്ടാതെയുള്ള പ്രകടനം കാണികൾക്ക് ശരിക്കും ഗോൾവിരുന്ന് കാണാൻ അവസരമൊരുക്കി. സന്തോഷ് ട്രോഫിയിൽ ഇത്തവണ ഒരു കളിപോലും തോൽക്കാതെ കുതിപ്പ് തുടരുന്ന മണിപ്പൂർ വരും മത്സരങ്ങളിലും അത്യപകടകാരിയാകുമെന്ന സൂചന കൂടിയായിരുന്നു ക്വാർട്ടർ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.