മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് പന്തുരുളാൻ മൂന്നുനാൾ മാത്രം ബാക്കിയിരിക്കെ ഇടക്കിടെ പെയ്ത് കൊണ്ടിരിക്കുന്ന വേനൽ മഴ ഒരുക്കങ്ങളെയും ബാധിക്കുന്നു. കോട്ടപ്പടി സ്റ്റേഡിയത്തിലെ ഗാലറി പെയിൻറിങ്, ഫെൻസിങ് നിർമാണ പ്രവൃത്തികൾ ചൊവ്വാഴ്ച പകൽ നിർത്തിവെക്കേണ്ടി വന്നു. പ്രചാരണത്തിന്‍റെ ഭാഗമായി ബുധനാഴ്ച പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. പ്രതികൂല കാലവസ്ഥ കാരണമാണ് മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള കളി വേണ്ടെന്ന് വെച്ചത്. മഴ മാറി മാനം തെളിഞ്ഞ് സന്തോഷ് ട്രോഫി മത്സരങ്ങൾ തടസ്സമില്ലാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ പ്രേമികളും താരങ്ങളും സംഘാടകരും.
ടീമുകള്‍ ഇന്നും നാളെയും എത്തും
സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകള്‍ ബുധനാഴ്ച എത്തിത്തുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബ് ആണ് ആദ്യം എത്തുക. വെളുപ്പിന് രണ്ടിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ ഇറങ്ങുന്ന ടീമിന് മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്ത് സ്വീകരണം നൽകും. രാവിലെ 7.30 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന മണിപ്പൂരിന് സംഘാടക സമിതി സ്വീകരണം ഒരുക്കും. രാവിലെ 7.27ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബിയിലെ ഒഡീഷയും എത്തുന്നുണ്ട്. ഉച്ചക്ക് 2.15 ന് രാജസ്ഥാനും കരിപ്പൂർ വിമാനത്താവളത്തിലെത്തും. വൈകീട്ടോടെ വെസ്റ്റ് ബംഗാളും മേഘാലയയും എത്തും. വ്യാഴാഴ്ചയാണ് ഗുജറാത്ത്, കര്‍ണാടക, സര്‍വിസസ് എന്നിവരുടെ വരവ്.
കേരള താരങ്ങൾ മഞ്ചേരിയിലേക്ക്
ആതിഥേയരും ഇന്ന് എത്തും. കോഴിക്കോട്ട് പരിശീലനം നടത്തുന്ന കേരളത്തിന്‍റെ 20 അംഗ സംഘത്തെ രാവിലെ 11.30ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്നോടെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന ടീം വൈകീട്ട് നാലോടെ മഞ്ചേരിയിലെത്തും.
മഞ്ചേരിയിലെ താമസ സ്ഥലത്താണ് കേരളത്തിന് സംഘാടക സമിതി സ്വീകരണം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീമിന്‍റെ ആദ്യ മത്സരം.
18ന് കേരളം കരുത്തരായ ബംഗാൾ, 20ന് മേഘാലയ, 22ന് പഞ്ചാബ് എന്നിവരുമായി ഏറ്റുമുട്ടും. കേരളത്തിന്‍റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
സന്തോഷ് ട്രോഫി: കാണികൾക്ക് യാത്ര സൗകര്യം ഒരുക്കും
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിന് കാണികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്താൻ മലപ്പുറം റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിൽ യോഗം ചേർന്നു. ജില്ല കലക്ടറുടെ നിർദേശമനുസരിച്ചാണ് യോഗം. സ്വകാര്യ ബസുകൾക്ക് നിത്യേനയുള്ള സർവിസിനു പുറമെ മഞ്ചേരി മുതൽ പയ്യനാട് വരെ താത്ക്കാലിക പെർമിറ്റ് അനുവദിക്കുന്നതിനും കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ നടത്തുന്നതിനുമുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. മലപ്പുറം റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസർ കെ.കെ. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി. മുഹമ്മദ് അബ്ദുൽ നാസർ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്.പി. അബ്ദുൽ മഹ്റൂഫ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ടി. ഷംജിത്ത്, സ്വകാര്യ ബസ് സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.