ഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിൽ മുൻ ജേതാക്കളായ ഗോവയും സർവീസസും ഇന്ന് ഏറ്റുമുട്ടും. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് 77ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിലെ കലാശപ്പോര്. സർവീസസിന് 12ാം ഫൈനലാണിത്. ഗോവക്ക് 14ാം ഫൈനലും. ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ഇത്തവണ എ ഗ്രൂപ്പിൽ മത്സരിച്ചപ്പോൾ 2-1ന് ഗോവക്കായിരുന്നു ജയം. സന്തോഷ് ട്രോഫിയിൽ 11 വട്ടം ഏറ്റുമുട്ടിയതിൽ ഗോവ അഞ്ച് തവണ ജയിച്ചു. മൂന്നെണ്ണം സർവീസസും. മൂന്നെണ്ണം സമനിലയായി.
ഏഴാം കിരീടം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയാണ് സർവീസസ് കോച്ച് എം.ജി. രാമചന്ദ്രൻ പങ്കുവെക്കുന്നത്. ശാരീരികമായും മാനസികമായും ഏറ്റവും കരുത്തുണ്ടെന്നും ഗോവയോട് ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിന് ശേഷം കൂടുതൽ മെച്ചപ്പെടാനായെന്നും കോച്ച് പറഞ്ഞു. ആറാം കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗോവ കോച്ച് ചാൾസ് ഡയസ് പറഞ്ഞു. മുഹമ്മദ് അലിയാണ് ഗോവയെ നയിക്കുന്നത്. പി. ക്രിസ്റ്റഫർ കാമേയിയാണ് സർവീസ് ക്യാപ്റ്റൻ. മിസോറമിനെ തോൽപിച്ചാണ് സർവീസസ് ഫൈനലിലെത്തിയത്. മണിപ്പൂരിനെ മറികടന്നാണ് ഗോവയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.