കേരള സന്തോഷ് ട്രോഫി ടീമിനെ ജിജോ ​​ജോസഫ് നയിക്കും; 13 പുതുമുഖങ്ങൾ

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ​​ജോസഫാണ് ടീം ക്യാപ്റ്റൻ. 13 പേർ പുതുമുഖങ്ങളാണ്. 30 അംഗങ്ങളുടെ ക്യാമ്പിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. 2017-18 വർഷത്തെ കിരീടനേട്ടം മലപ്പുറത്ത് ആവർത്തിക്കാൻ ഒരുങ്ങിയാണ് കേരളത്തിന്റെ വരവ്.

സന്തോഷ്‌ ട്രോഫിയിൽ ഏഴാംകിരീടം തേടിയാണ്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ഇറങ്ങുക. ഏപ്രിൽ 16ന്‌ രാത്രി എട്ടിന്‌ രാജസ്ഥാനുമായാണ്‌ ആദ്യകളി. കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ അവസാനഘട്ട പരിശീലനത്തിലാണ്‌ ടീമിപ്പോൾ.

ടീം:

ഗോൾകീപ്പർമാർ: വി. മിഥുൻ, എസ്. ഹജ്മൽ

പ്രതിരോധനിര: ജി. സഞ്ജു, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സൽമാൻ കള്ളിയത്ത്

മധ്യനിര: ജിജോ ജോസഫ് (ക്യാപ്റ്റൻ), അർജുൻ ജയരാജ്, പി. അഖിൽ, ഫസലുറഹ്മാൻ, ഷിഖിൽ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, കെ. മുഹമ്മദ് റാഷിദ്.

മുന്നേറ്റ നിര: എം. വി​ഘ്നേഷ്, ടി.കെ. ജെസിൻ, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് ബാസിത്,

കോച്ച്: ബിനോ ജോർജ്

സന്തോഷ് ട്രോഫിക്ക് 16ന് പന്തുരുളും

സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഏപ്രില്‍ 16ന് പന്തുരുണ്ടു തുടങ്ങും. മേയ് രണ്ടിനാണ് ഫൈനൽ. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയങ്ങളിലാണ് മത്സരം. ദേശീയ ചാമ്പ്യൻഷിപ്പിന് എല്ലാ ഒരുക്കവും പൂർത്തിയായതായും കായികമന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കേരളം ഉള്‍പ്പെടെ പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആകെ 23 മത്സരമുണ്ടാകും. ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ് ഘട്ടത്തില്‍ ഒരു ടീമിന് നാലു കളി വീതമുണ്ടാകും. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും.

കോട്ടപ്പടിയില്‍ പകല്‍ മാത്രമാണ് മത്സരം, രാവിലെ 9.30നും വൈകീട്ട് നാലിനും. പയ്യനാട്ട് എല്ലാ മത്സരങ്ങളും രാത്രി എട്ടിന് ഫ്ലഡ്ലൈറ്റിലാണ്. കേരളത്തിന്‍റെ മത്സരങ്ങള്‍ പയ്യനാട്ടാണ്. സെമി, ഫൈനൽ മത്സരങ്ങളും ഇവിടെയാണ്. ഏപ്രില്‍ 16 ന് ഉദ്ഘാടന ദിവസം രാത്രി എട്ടിന് കേരളം രാജസ്ഥാനെ നേരിടും. ഏഴിന് ഉദ്ഘാടന ചടങ്ങ്. അന്ന് രാവിലെ കോട്ടപ്പടിയില്‍ ബംഗാളും പഞ്ചാബും തമ്മിലാണ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം. ഗ്രൂപ് മത്സരങ്ങള്‍ ഏപ്രില്‍ 25ന് അവസാനിക്കും. 28, 29 തീയതികളിലാണ് സെമി. രണ്ട് മത്സരവും രാത്രി എട്ടിനാണ്. മേയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനൽ. പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങള്‍ മൂന്ന് മാസം മുമ്പ് കായിക വകുപ്പിന് കീഴിലെ സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു.

രണ്ട് മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടിടത്തും ഇന്‍റർനെറ്റ്, വൈഫൈ സൗകര്യങ്ങളും പവലിയനുകളും സജ്ജമാണ്. ടെലികാസ്റ്റിങ് ടവറുകളും ഒരുങ്ങി. ടീമുകളുടെ പരിശീലനത്തിന് നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്‌റ്റേഡിയം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകള്‍ എന്നിവ സജ്ജമാക്കി. മത്സരവേദികളുടെ ചുമതല ജില്ല സ്‌പോട്‌സ് കൗണ്‍സിലിനാണ്. മുൻ ഇന്ത്യൻതാരം യു. ഷറഫലിയാണ് ടൂര്‍ണമെന്‍റ് കോഓഡിനേറ്റർ.

Tags:    
News Summary - Santosh Trophy: Jijo Joseph will lead Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.