മഡ്ഗാവ്: സന്തോഷ് ട്രോഫിയിൽ കേരളം വിജയ കുതിപ്പ് തുടരുന്നു. ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ ജമ്മു കശ്മീരിനെയാണ് കേരളം തകർത്തെറിഞ്ഞത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ജയം. കേരളത്തിനായി ജിതിന്‍ ഇരട്ട ഗോള്‍ നേടി. സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും ഗോൾ കണ്ടെത്തി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
എട്ടാം മിനിറ്റിൽ ജിതിനിലൂടെയാണ് കേരളം ആദ്യ ലീഡെടുക്കുന്നത്. 13ാം മിനിറ്റിൽ സജീഷും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് ആഷിഖും ഗോൾ കണ്ടെത്തി (3-0).
മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച കേരളത്തിനായി ജിതിൻ നാലാം ഗോൾ നേടി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയ ജമ്മു കശ്മീര്‍ 60ാം മിനിറ്റില്‍ ഫൈസലിലൂടെ മറുപടി ഗോൾ നേടി (4-1). ടൂര്‍ണമെന്റില്‍ കേരളം വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. 66ാം മിനിറ്റിൽ അബ്ദുൽ റഹീം കേരളത്തിനായി അഞ്ചാം ഗോൾ നേടി.
74ാം മിനിറ്റിൽ റിസ്വാൻ അലിയും ലക്ഷ്യം കണ്ടെതോടെ കേരളം ഗോളടി അവസാനിപ്പിച്ചു (6-1). രണ്ടു മത്സരങ്ങളിൽ രണ്ടും ജയിച്ച കേരളം ആറ് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഞായറാഴ്ച ഛത്തീസ്ഗഡിനെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.