മലപ്പുറം: ഫെബ്രുവരി 20ന് മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ ആരംഭിക്കുന്ന സന്തോഷ് ട്രോഫി അന്തിമ റൗണ്ട് മത്സരങ്ങളിൽ കേരളം കരുത്തരുടെ ഗ്രൂപ്പിൽ. സന്തോഷ് ട്രോഫിയുടെ തറവാട്ടുകാരായ ബംഗാൾ, മുൻ ജേതാക്കളായ പഞ്ചാബ്, വടക്കുകിഴക്കൻ കരുത്തരായ മേഘാലയ എന്നിവരുൾപ്പെടുന്ന ഗ്രൂപ് എയിലാണ് ആതിഥേയർ. അട്ടിമറി വീരന്മാരായ രാജസ്ഥാനുമുണ്ട്.
നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക തുടങ്ങിയവർ ഗ്രൂപ് ബിയിലാണ്. ഗ്രൂപ് എ മത്സരങ്ങൾ പയ്യനാട്ടും ബിയിലേത് കോട്ടപ്പടിയിലുമാണ് നടക്കുക. സെമി ഫൈനലിനും കലാശക്കളിക്കും പയ്യനാട് വേദിയാവും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ കടക്കും. നിലവിലെ സാഹചര്യത്തിൽ കേരള ടീമിന്റെ ക്യാമ്പ് ജനുവരി 26ന് തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് മാനേജർ എം. മുഹമ്മദ് സലീം അറിയിച്ചു.
ബിനോ ജോർജാണ് പരിശീലകൻ. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരള പ്രീമിയർ ലീഗിലെയടക്കം പ്രകടനം നോക്കി ഏതാനും താരങ്ങളെക്കൂടി ക്യാമ്പിലേക്ക് വിളിക്കും. മൂന്നാഴ്ച നീളുന്ന ക്യാമ്പിനിടെ അന്തിമ സംഘത്തെയും പ്രഖ്യാപിക്കും. ദക്ഷിണേന്ത്യ യോഗ്യത റൗണ്ടിലെ ഉജ്ജ്വല പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. 2018ൽ കിരീടം നേടിയ കേരളത്തിന് തൊട്ടടുത്ത കൊല്ലം പക്ഷേ, ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.