മട്ടാഞ്ചേരി: സന്തോഷ് ട്രോഫി മഞ്ചേരിയിലാണ് നടക്കുന്നതെങ്കിലും കാൽപന്തുകളിയുടെ ഈറ്റില്ലമായ ഫോർട്ട്കൊച്ചിയിൽ ആവേശത്തിന് കുറവൊന്നുമില്ല. കേരള ടീം കപ്പടിക്കുമെന്ന വിജയപ്രതീക്ഷയിലാണ് കൊച്ചിയിലെ കായിക പ്രേമികൾ. സന്തോഷ് ട്രോഫി ആരംഭിച്ചതോടെ ചെറുതും വലുതുമായ മൈതാനങ്ങൾ ഫുട്ബാൾ കളിക്കാരെക്കൊണ്ട് നിറയുകയാണ്. അതിരാവിലെ മുതൽ ഓരോ ടീമുകൾ എന്ന നിലയിൽ ടേൺ ആയാണ് കളി നടക്കുന്നത്. ഫോർട്ട്കൊച്ചി കടപ്പുറത്തും ടീം തിരിഞ്ഞ് ഫുട്ബാൾ കളി നടക്കുകയാണ്. ഇതിനുപുറമെ ആവേശത്തിന് ഊർജം പകരാൻ ഷൂട്ടൗട്ട് മത്സരങ്ങൾ അടക്കം ഓരോ സംഘടനകൾ സംഘടിപ്പിക്കുന്നുണ്ട്. സന്തോഷ് ട്രോഫി ക്വിസ് മത്സരവും നടത്താനുള്ള ഒരുക്കവും നടക്കുകയാണ്.
കേരള ടീമിന് വിജയാശംസകൾ അർപ്പിച്ച് വെളി ലയൺസ് ക്ലബ് ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ വർണശബളമായ റാലിയും നടന്നു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
റോളർ സ്കേറ്റിങ് താരങ്ങൾ ചക്രഷൂസണിഞ്ഞ് കേരള ടീമിന് വിജയാശംസകൾ അർപ്പിച്ച് ഫുട്ബാളുമായി റോഡ് ഷോ നടത്തിയതും ശ്രദ്ധേയമായിരുന്നു. പഴയകാല പടക്കുതിരകളെ അണിനിരത്തിയുള്ള മത്സരങ്ങൾക്കുള്ള നീക്കവും നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേരള ടീം കുതിപ്പ് തുടർന്നാൽ സന്തോഷ് ട്രോഫിയുടെ ആവേശം കൂടുതൽ ഉയരുമെന്നാണ് മുതിർന്ന താരങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.