തിരൂർ: മലപ്പുറം ജില്ലക്ക് അഭിമാനമായി സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) ഐ ലീഗിലേക്ക്. ജില്ലയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബാൾ അക്കാദമിയായി 2011ൽ രൂപവത്കരിച്ച സാറ്റിൽനിന്ന് ഇതിനകംതന്നെ നിരവധി ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളാണ് വളർന്നുവന്നത്. ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളായ മുഹമ്മദ് ഇർഷാദ്, അബ്ദുൽ ഹക്കു, മുഹമ്മദ് സലാഹ്, പി.പി. റിഷാദ്, ഫസലുറഹ്മാൻ മെതുകയിൽ, കഴിഞ്ഞ കെ.പി.എല്ലിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മെഹ്ദി അടക്കമുള്ള താരങ്ങളൊക്കെ സാറ്റ് തിരൂരിന്റെ സംഭാവനയാണ്.
മിക്ക സംസ്ഥാനങ്ങളിലും മികച്ച നേട്ടം കൈവരിച്ച സാറ്റ് ടീം അവസാനം സംസ്ഥാനത്തിന് പുറത്തുപോയി ജേതാക്കളായത് കഴിഞ്ഞ സീസണിലാണ്. പഞ്ചാബിലെ ഫഗ്വാരയിൽ ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റുകളിൽ ഒന്നായ പ്രിൻസിപ്പൽ ഹർഭജൻ സിങ് മെമ്മോറിയൽ ഓൾ ഇന്ത്യ ഇൻവിറ്റേഷൻ കപ്പിൽ ഐ ലീഗ് ടീമായ ഡൽഹി എഫ്.സിയെ പരാജയപ്പെടുത്തിയാണ് സാറ്റ് ചാമ്പ്യന്മാരായത്. സ്ഥിരമായി സ്പോൺസർമാരൊന്നും ഇല്ലാതെയാണ് ഈ വളർച്ച. കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) എട്ടു സീസണുകളിൽ നാലു തവണ സെമിയിലെത്താനും കഴിഞ്ഞ സീസണിൽ ഫൈനലിലെത്താനും കഴിഞ്ഞു. നിലവിൽ ഐ ലീഗ് തേർഡ് ഡിവിഷൻ കളിക്കുന്ന കെ.പി.എൽ ചാമ്പ്യന്മാരായ കേരള യുനൈറ്റഡിനു പുറമെ റണ്ണേഴ്സ്അപ്പായ സാറ്റ് തിരൂർകൂടി ഐ ലീഗിലേക്കു വരുന്നത് ഫുട്ബാൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.
അടുത്ത മാസം ആരംഭിക്കാൻ പോകുന്ന തേർഡ് ഡിവിഷൻ ഐ ലീഗിലേക്ക് സ്പോൺസർമാരെയും കളിക്കാരെയും തെരഞ്ഞെടുക്കുന്ന തിരക്കിലേക്ക് കടക്കുകയാണെന്ന് ഇത്രയും കാലം സാറ്റിന്റെ മുഖ്യ പരിശീലകനും നിലവിൽ ടെക്നിക്കൽ ഡയറക്ടറുമായ മുൻ കേരള സന്തോഷ് ട്രോഫി കോച്ച് എം. പീതാംബരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.