ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ വീഴ്ത്തി ഇന്റർമിലാൻ. മടക്കമില്ലാത്ത ഏക ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹകൻ കാൽഹനോഗ് ലുവാണ് ഇന്ററിനായി ലക്ഷ്യംകണ്ടത്.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ബാഴ്സ ഇന്റർ ഗോൾമുഖത്തേക്ക് ആഞ്ഞടിച്ചെങ്കിലും ഫലമുണ്ടായില്ല. 67ാം മിനിറ്റിൽ ബാഴ്‌സ പന്ത് എതിർവലയിലെത്തിച്ചെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. കളിയിൽ 72 ശതമാനവും പന്ത് കൈവശം വെച്ചെങ്കിലും രണ്ടുതവണ മാത്രമേ ലെവൻഡോസ്കിക്കും സംഘത്തിനും ടാർഗറ്റിലേക്ക് ഷോട്ടുതിർക്കാനായുള്ളൂ. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ബയേൺ മ്യൂണിക്കിനോടും പരാജയപ്പെട്ടിരുന്നു. സീരി എയിൽ മോശം ഫോമിൽ കളിക്കുന്ന ഇന്റർ മിലാന് മുന്നിൽ പരാജയം രുചിച്ചത് കറ്റാലന്മാർക്ക് കനത്ത തിരിച്ചടിയാകും.
മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ, റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഏഴാം മിനിറ്റിൽ ട്രെൻഡ് ആർനോൾഡും 53ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർതാരം മുഹമ്മദ് സലാഹുമാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് ബിയിൽ അത്ലറ്റികൊ മാഡ്രിഡിനെ 2-0ത്തിന് തകർത്ത് ക്ലബ് ബ്രൂഷ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. കമാൽ സോവ, ഫെറാൻ ജുട്ഗ്ല എന്നിവരാണ് അത്ലറ്റികോയുടെ വലകുലുക്കിയത്. ഗ്രൂപ്പിലെ മൂന്ന് കളിയും ജയിച്ച അവർ ഒമ്പത് പോയന്റുമായി ബഹുദൂരം മുന്നിലാണ്. മറ്റു ടീമുകളായ പോർട്ടോ, ലെവർകുസൻ, അത്ലറ്റികോ മാഡ്രിഡ് എന്നിവക്ക് മൂന്ന് പോയന്റ് വീതമേയുള്ളൂ. ഇന്നലെ നടന്ന മത്സരത്തിൽ ലെവർകൂസനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് പോർട്ടോ മൂന്ന് പോയന്റ് സ്വന്തമാക്കിയത്.
ഗ്രൂപ്പ് സിയിൽ മൂന്നിൽ മൂന്നും ജയിച്ച് ഒമ്പത് പോയന്റുമായി ബയേൺ മ്യൂണിക്കാണ് മുന്നിൽ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബയേൺ വിക്ടോറിയ പ്ലസനെ തകർത്തെറിഞ്ഞത്. രണ്ട് ജയവും ഒരു തോൽവിയുമുള്ള ഇന്ററിന് ആറ് പോയന്റുണ്ട്. ഒരു ജയവും രണ്ട് തോൽവിയുമായി മൂന്ന് പോയന്റ് മാത്രമുള്ള ബാഴ്സ മൂന്നാമതാണ്. മൂന്നിൽ മൂന്നും തോറ്റ വിക്ടോറിയ പ്ലസനാണ് അവസാന സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.