ദോഹ: ഇരു പകുതികളുടെയും ആദ്യമിനിറ്റുകളിലായി രണ്ടു പേർ ചുവപ്പു കാർഡുമായി പുറത്തായതോടെ ഒമ്പത് പേരിലേക്ക് ചുരുങ്ങിയ കിർഗിസ്താനെ തരിപ്പണമാക്കി സൗദിയും ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിലേക്ക്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ സൗദി ആരാധകരുടെ ആരവങ്ങൾക്കുനടുവിലിറങ്ങിയ റോബർടോ മാൻസീനിയുടെ സംഘം മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് കിർഗിസ്താനെ വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം ജയവുമായി സൗദി പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.
ഗാലറിയെ പാട്ടും വാദ്യമേളങ്ങളും കൊണ്ട് പച്ചക്കടലാക്കിയ സൗദിക്കൊപ്പമായിരുന്നു ആദ്യാവസാനം കളി. ഗോളിനു മുന്നേ ചുവപ്പ് കാർഡ് പിറന്നതോടെ കിർഗിസ്താൻ തീർത്തും പ്രതിസന്ധിയിലായി. ഒമ്പതാം മിനിറ്റിൽ പ്രതിരോധ താരം അയ്സർ അക്മതോവാണ് സൗദിയുടെ സാമി അൽ നജിയെ കടുത്ത ടാക്ലിങ്ങിന് വിധേയനാക്കിയതിന് ചുവപ്പുകാർഡുമായി പുറത്തായത്. പത്തുപേരുമായി പ്രതിരോധം ശക്താമാക്കി കിർഗിസ്താൻ ചെറുത്തു നിന്നെങ്കിലും കോട്ട അധിക നേരം കാത്തുനിൽക്കാനായില്ല. കളിയുടെ 35ാം മിനിറ്റിൽ മുഹമ്മദ് കാനു ആദ്യഗോൾ കുറിച്ചു.
രണ്ടാം പകുതിയിലെ 52ാം മിനിറ്റിൽ മറ്റൊരു ഫൗളിലൂടെ കിമി മെർകും പുറത്തായേതാടെ കിർഗിസ്താന്റെ ആൾബലം ഒമ്പതിലേക്ക് ചുരുങ്ങി. അധികം വൈകാതെയായിരുന്നു രണ്ടാം ഗോളും പിറന്നത്. 84ാം മിനിറ്റിൽ ഫൈസൽ അൽ ഗംദിയുടെ വകയായിരുന്നു കിർഗിസ്താൻ വലകുലുകക്കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും തായ്ലൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.