ഇതിഹാസ താരം ലയണൽ പന്തുതട്ടാൻ സെർജിയോ ബുസ്ക്വെറ്റ്സും. ബാഴ്സലോണയിൽ ഏറെക്കാലം അർജന്റീനക്കാരനൊപ്പം പന്തുതട്ടിയ പരിചയസമ്പന്നനായ സ്പാനിഷ് മിഡ്ഫീൽഡർ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ ചേർന്നു.
കരാർ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് അറിയിച്ചത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസ്സി ഇന്റർ മിയാമിയിൽ ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും കരാർ വ്യവസ്ഥകൾക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ല. വരുന്ന ജൂലൈയിൽ 35 വയസ്സു തികയുന്ന ബുസ്ക്വെറ്റ്സിനെ ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡർ ആയാണ് കളിവിദഗ്ധർ വിശേഷിപ്പിച്ചിരുന്നത്. 18 വർഷം ബാഴ്സലോണയിൽ കളിച്ച ശേഷമാണ് ഈ സീസണിനൊടുവിൽ ക്ലബിൽനിന്ന് പടിയിറങ്ങിയത്.
ബാഴ്സലോണക്കായി 719 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം, എട്ട് ലാലിഗ കിരീട നേട്ടങ്ങളിൽ പങ്കാളിയായി. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മൂന്ന് ക്ലബ് ലോകകപ്പ്, ഏഴ് കോപാ ഡെൽ റേ എന്നിവ ഉൾപെടെ ബാഴ്സലോണയുടെ 31 കിരീട നേട്ടങ്ങളിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സ്പെയിനിനൊപ്പം യൂറോകപ്പ്, ലോകകപ്പ് നേട്ടങ്ങളിലും പങ്കാളിയായി. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ സ്പെയിൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കരീം ബെൻസേമക്കും പിന്നാലെ ബുസ്ക്വെറ്റ്സ് സൗദി ലീഗിലേക്ക് ചേക്കേറാനൊരുന്നു എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. എന്നാൽ, മെസ്സി മിയാമിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബുസ്‌ക്വെറ്റ്‌സ് മേജർ സോക്കർ ലീഗിലേക്ക് മാറാൻ താൽപര്യം കാട്ടുകയായിരുന്നു. മെസ്സിക്കും ബുസ്ക്വെറ്റ്സിനും പിന്നാലെ ഏയ്ഞ്ചൽ ഡി മരിയയും ജോർഡി ആൽബയും ഇന്റർ മിയാമിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.