മഞ്ചേരി: ഫുട്ബാളിന്‍റെ ഈറ്റില്ലമായ അരീക്കോട്ടെ തെരട്ടമ്മലിൽ നിന്നാണ് യു. ഷറഫലി കളി മൈതാനത്തേക്ക് നടന്നുകയറിയത്. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും ടീമിന്‍റെ കപ്പിത്താനാവാൻ പ്രതിരോധ നിരയിലെ വിശ്വസ്തനായ കാവൽക്കാരന് സാധിച്ചു. സന്തോഷ് ട്രോഫിയിൽ കേരളത്തിനും ബംഗാളിനും പന്തുതട്ടിയ താരം കൂടിയാണ് യു. ഷറഫലി. 75ാമത് സന്തോഷ് ട്രോഫി നാട്ടിലേക്ക് എത്തുമ്പോൾ സ്വീകരിക്കാൻ മുൻനിരയിലുണ്ട് മുൻ ഇന്ത്യൻ താരം.
1984ലാണ് ആദ്യമായി സന്തോഷ് ട്രോഫി ടീമിൽ ഇടംപിടിച്ചത്. എന്നാൽ, പ്രീഡിഗ്രി പരീക്ഷയായതിനാൽ മത്സരത്തിൽ പങ്കെടുക്കാനായില്ല. 1985 മുതൽ 11 വർഷം തുടർച്ചായി കേരള ടീമിലിടം നേടി. 1990ലും 1991ലും 23 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമായി സന്തോഷ് ട്രോഫി പരിമിതപ്പെടുത്തിയപ്പോൾ ആ രണ്ട് വർഷക്കാലം കളിക്കാനായില്ല. 1992ൽ ബംഗാളിനായാണ് താരം കളിച്ചത്.
1993ൽ കേരളം മൂന്നാമത്തെ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോൾ ടീമിലുണ്ടായിരുന്നു. കുരികേശ് മാത്യുവിന്‍റെ നേതൃത്വത്തിൽ യു. ഷറഫലിക്ക് പുറമെ ഇന്ത്യൻ താരങ്ങളായ വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ തുടങ്ങിയ വൻതാരനിര അടങ്ങിയ ടീമാണ് അന്ന് കപ്പുയർത്തിയത്. മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളത്തിന്‍റെ തുടർച്ചയായ രണ്ടാം കിരീടനേട്ടം. തൊട്ടടുത്ത വർഷം കേരളത്തിനെ നയിച്ചത് ഷറഫലി ആയിരുന്നു. ഒഡിഷയിലെ കട്ടക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ടൈ ബ്രേക്കറിൽ ബംഗാളിനോട് തോറ്റുമടങ്ങാനായിരുന്നു വിധി. അതോടെ ഹാട്രിക് കിരീടം എന്ന മോഹം നടക്കാതെ പോയി. നിശ്ചിത സമയത്ത് 2-2 സമനില പാലിച്ചതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഐ.എം. വിജയനും വി.പി. സത്യനും അടങ്ങുന്ന ബംഗാൾ ടീമിനോടാണ് അന്ന് കേരളം പരാജയപ്പെട്ടത്. 1988ലും 1989ലും കേരളം റണ്ണേഴ്സ് അപായ സമയത്തും ഷറഫലി ടീമിലുണ്ടായിരുന്നു. ഒരുതവണ കിരീടം നേടാനും മൂന്നുതവണ രണ്ടാം സ്ഥാനം നേടാനും സാധിച്ചു. 50ലേറെ രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1984ൽ കേരള പൊലീസിൽ കയറിയ അദ്ദേഹം 36 വർഷത്തെ സേവനത്തിനുശേഷം റാപ്പിഡ് റെസ്പൺസ് ആൻഡ് റെസ്ക്യൂ ഫോഴ്‌സിന്‍റെ കമാൻഡൻറ് ആയാണ് വിരമിച്ചത്. ഭാര്യ ഫലൂജ. ഡോ. ഷനൂൻ ഷറഫലി, നഷർ ഷറഫലി, ഷഹ്റൂസ് ഷറഫലി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.