പുകൾ പെറ്റ ജർമൻ ഫുട്ബാളിന് നാണക്കേടിൻെറ ദിനം. സ്പാനിഷ് ടാങ്കറിന് ഒട്ടും കനിവ് തോന്നിയില്ല, എതിരില്ലാത്ത ആറുഗോളുകൾക്ക് സ്പെയിൻ ജർമനിയെ തുരത്തിയോടിച്ചു. 1931ൽ ഓസ്ട്രിയക്തെിരെ 6-0ത്തിന് പരാജയപ്പെട്ട ശേഷമുള്ള ജർമനിയുടെ ഏറ്റവും വലിയ തോൽവിയാണതിത്.
ജയത്തോടെ ഗ്രൂപ്പ് നാലിൽ നിന്നും 11 പോയൻറുമായി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനൽസിലേക്ക് കടന്നു. പന്തടക്കത്തിലും അവസരങ്ങൾ തുറക്കുന്നതിലും മുന്നിട്ടു നിന്ന സ്പെയിനെതിരെ കളത്തിൽ ഒരിക്കൽ പോലും പൊരുതാനാകാതെയാണ് ജർമനി കീഴടങ്ങിയത്.
17ാം മിനുറ്റിൽ അൽവാരോ മൊറോട്ടയുടെ ഹെഡർ ഗോളിലൂടെ സ്പെയിൻ മുന്നിൽക്കയറി. 33ാം മിനുട്ടിൽ ക്രോസ്ബാറിൽ തട്ടി കാലിലെത്തിയ പന്ത് വലയിലെത്തിച്ച് ഫെറാൻ ടോറസ് ലീഡുയർത്തി. ആഘാതത്തിൽ നിൽക്കുന്ന ജർമനിയെ അഞ്ച് മിനുറ്റിന് ശേഷം റോഡ്രി ഹെഡർ ഗോൾനേടി ഞെട്ടിച്ചു.
രണ്ടാം പകുതിയിലും മാറ്റമൊന്നുമുണ്ടായില്ല. 55ാം മിനുറ്റിൽ ടോറസ് വീണ്ടും ഗോളടിച്ചു. 71ാം മിനുറ്റിൽ പെനൽറ്റി ബോക്സിനുവെളിയിൽ നിന്നും കാലിലെത്തിയ പന്ത് നിറയൊഴിച്ച് ടോറസ് ഹാട്രിക് പൂർത്തിയാക്കി. 89ാം മിനുറ്റിൽ മെക്കൽ ഒയർസബായ് ആറാംഗോളും നേടിയതോടെ കഥ പൂർണമായി.
സ്പാനിഷ് മുന്നേറ്റങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കുക മാത്രമായിരുന്നു ജർമൻ പടയുടെ ജോലി. സ്പെയിനിൻെറ കുറിയ പാസുകളും പ്ലാൻ ചെയ്തുള്ള മുന്നേറ്റങ്ങളും തടുക്കാനാകാതെ പോയ ജർമനി മികച്ച മത്സരം കാണാമെന്ന് പ്രതീക്ഷിച്ച ഫുട്ബാൾ ആരാധകരെക്കൂടി നിരാശപ്പെടുത്തിയാണ് കളം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.