ഒരുഭാഗത്ത് ആരാധകരുടെയും കളി പ്രേമികളുടെയും മനം കവർന്ന സ്പാനിഷ് സംഘം. മറുവശത്ത് ആരാധകരുടെയടക്കം വിമർശനമേറ്റുവാങ്ങിയ ശേഷം പതിയെ മികവിലേക്കുയർന്ന ഇംഗ്ലീഷ് പോരാളികൾ. യൂറോകപ്പ് ഫൈനലിൽ നാളെ ഇരു ടീമുകളും ബർലിനിൽ ഏറ്റുമുട്ടുമ്പോൾ ആവേശം വൻകരയും കടന്ന് ഭൂഗോളമാകെ പരക്കും.
കഴിഞ്ഞവർഷം നഷ്ടമായ കിരീടം സ്വന്തമാക്കാനുള്ള കഠിനലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നിൽ. കിരീടത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്ക് ടൂർണമെന്റിലുടനീളമുള്ള മനോഹരമായ കാൽപന്തുകളി ഫൈനലിലും സ്പെയിനിന് സഹായകമാകും. സ്പെയിനിന്റെ കളി കണ്ടവർ ആരും അവരെ കുറ്റം പറയില്ല. ആറു മത്സരങ്ങൾ ജയിച്ചുള്ള കുതിപ്പ്.
നോക്കൗട്ടിൽ ആതിഥേയരായ ജർമനിയെയും കരുത്തരായ ഫ്രാൻസിനെയും തോൽപിച്ച മികവ്. 13 ഗോളുകളും 96 ഗോൾ അവസരങ്ങളും സൃഷ്ടിച്ച അതുല്യ യുവസംഘം. പതിവ് കേളീശൈലികൾ കളത്തിനു പുറത്തിരുത്തി ഫ്രന്റ് ഫൂട്ട് അറ്റാക്കിങ് ഫുട്ബാൾ പുറത്തെടുത്തവർ.
നിക്കോ വില്യംസും ലാമിൻ യമാലും മുന്നിൽ നിറഞ്ഞ് നിൽക്കുമ്പോൾ സ്പെയിൻ ആരെ പേടിക്കണം? വരുംവർഷങ്ങളിൽ ആരും പേടിക്കുന്ന ടീമായി മാറുന്ന പുതിയ സ്പെയിനിന്റെ ആദ്യ കിരീടംകൂടിയാകും ഇത്തവണത്തേതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഫൈനൽതലേന്നായ ശനിയാഴ്ച 17ാം പിറന്നാളായിരുന്നു യമാലിന്.
മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രി ഇന്ന് ഫോമിലായാൽ കാര്യങ്ങൾ എളുപ്പമാകും. പ്ലയർ ഓഫ് ദ ടൂർണമെന്റ് ബഹുമതിയും റോഡ്രിക്ക് ലഭിച്ചേക്കും. ലീഡ് നേടിയ ശേഷം അലസമാകുന്ന പരിപാടി സ്പെയിനിനില്ല. കോച്ച് ലെ ഫ്യുയന്റെ ആക്രമണത്തിലാണ് വിശ്വസിക്കുന്നത്.
പെഡ്രിയും റോഡ്രിയും ഡാനി ഓൾമോയും മാർക്ക് കുക്കുറല്ലയുമുൾപ്പെടെയുള്ള താരങ്ങളെ കുഞ്ഞിപ്രായത്തിൽ പരിശീലിപ്പിച്ചു തുടങ്ങിയതാണ് ഫ്യുയന്റെ. ഇദ്ദേഹത്തിന് കീഴിൽ സ്പെയിനിന്റെ അണ്ടർ 19, അണ്ടർ 21 ടീമുകൾ യൂറോ കപ്പ് നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ വെള്ളിയും നാഷൻസ് ലീഗിൽ കിരീടവും ഫ്യുയന്റെ ടീമിന് നേടിക്കൊടുത്തു.
താരങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധം സ്പെയിനിന്റെ കുതിപ്പിൽ നിർണായകമായി. കോച്ച് മനസ്സിൽ കാണുന്നത് കളത്തിന് മുകളിലെ മാനത്ത് കാണുന്നവരാണ് സ്പാനിഷ് പട. റൈറ്റ് ബാക്ക് ഡാനി കർവജാൽ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തും. റോബിൻ നോർമൻഡിന്റെ സസ്പെൻഷൻ കഴിഞ്ഞെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
ഫുട്ബാളിന്റെ പിതൃഭൂമിയായ ഇംഗ്ലണ്ടിന് 58 വർഷമായി കിരീടങ്ങളൊന്നും കൈയിൽ കിട്ടിയിട്ടില്ല. എട്ടു വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന ഗരേത് സൗത്ത് ഗേറ്റ് എന്ന മനുഷ്യന് ഇത്തവണ യൂറോ കിരീടം ലഭിച്ചാൽ പലതിനും മറുപടിയാകും. ടൂർണമെന്റിന്റെ തുടക്കം മുതൽ ക്വാർട്ടർ ഫൈനൽ വരെ സൗത്ത് ഗേറ്റിനെ അധിക്ഷേപിക്കുന്നത് ഇംഗ്ലണ്ടിന്റെ ആരാധകരുടെ വിനോദമായിരുന്നു.
2018 ലോകകപ്പ് സെമി, 2019 നാഷൻസ് ലീഗ് സെമി, 2020 യൂറോ ഫൈനൽ, 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ, 2024 യൂറോ കപ്പ് ഫൈനൽ -അത്ര മോശക്കാരനല്ല സൗത്ത് ഗേറ്റ്. ഈ ‘തെക്കേ കവാടം’ വഴി കിരീടം ഇംഗ്ലണ്ടിലെത്തിയാലും ഇല്ലെങ്കിലും പരിശീലക സ്ഥാനത്ത് തുടരാൻ ഫുട്ബാൾ അസോസിയേഷൻ അഭ്യർഥിക്കുമെന്നാണ് സൂചന. യൂറോ കപ്പിന് ശേഷം ഈ പണിക്കില്ലെന്നായിരുന്നു സൗത്ത് ഗേറ്റിന്റെ നിലപാട്.
ഏത് സമയത്തും ഗോളടിച്ച് മുന്നേറാനുള്ള കഴിവ് ഇംഗ്ലണ്ടിനെ വ്യത്യസ്തരാക്കുന്നുണ്ട്. സ്ലോവാക്യക്കെതിരെ 95ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ സമനില ഗോൾ, സ്വിറ്റ്സർലൻഡിനെതിരായ പെനാൽറ്റി ഷൂട്ടൗട്ട് വിജയം, നെതർലൻഡ്സിനെതിരായ സെമിയിൽ 90ാം മിനിറ്റിൽ വാറ്റ്കിൻസിന്റെ വിന്നർ എന്നീ നിമിഷങ്ങൾ പോരാട്ടവീര്യത്തിന്റെ ഉദാഹരണങ്ങളാണ്.
കോബി മെയ്നുവും ബുക്കായോ സാക്കയും ഫിൽ ഫോഡനും ഒത്തൊരുമയോടെ കളിക്കുന്നുണ്ട്. പ്രതിരോധത്തിൽ ലൂക്ക് ഷാ തിരിച്ചുവന്നേക്കും. ജൂഡ് ബെല്ലിങ് ഹാമിനൊപ്പം ക്യാപ്റ്റൻ ഹാരി കെയ്ൻ കൂടി ഉഷാറായാൽ ഇംഗ്ലണ്ടിന് സ്പെയിനിനെ അട്ടിമറിക്കാൻ എളുപ്പമാകും. ആഴ്സനൽ വിങ്ങറായ ബുകായോ സാക ഫോമിലായാൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് വേഗം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.