പ്രിയപ്പെട്ടവരെ ഫോണിൽ വിളിച്ച് സംസാരിച്ചും, പൊട്ടിക്കരഞ്ഞും, അവസാന മത്സരത്തിൽ ഉപയോഗിച്ച പന്തിനെ ഒരു സുവനീർ പോലെ എടുത്ത് സൂക്ഷിച്ചും , കളിക്കു ശേഷം ആരാധകർക്കൊപ്പം ആഘോഷിച്ചും ഇൗ വിജയം അയാൾ തേൻറത് മാത്രമാക്കുകായിരുന്നു. സിംഹാസനത്തിൽനിന്നും ഒരു ദിനം വലിച്ചെറിഞ്ഞ്, രാജ്യമില്ലാത്ത രാജാവാക്കി തെരുവിൽ ഉപേക്ഷിച്ചപ്പോൾ തനിക്ക് അഭയമൊരുക്കി പട്ടുംപുടുവയും തന്ന് വരവേറ്റവർക്ക് തിരികെ ഒരു വസന്തകാലം നൽകാൻ കഴിഞ്ഞതിെൻറ സന്തോഷമായിരുന്നു ലൂയി സുവാരസിെൻറ നിലക്കാത്ത ആഘോഷം.
അതുകൊണ്ടുതന്നെ ഇൗ സ്പാനിഷ് ലാ ലിഗ കിരീടം അത്ലറ്റികോ മഡ്രിഡ് എന്ന ടീമിനെക്കാൾ, ലൂയി സുവാരസ് എന്ന പ്രഗല്ഭനായ കളിക്കാരേൻറതാണ്. ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ വലംകൈയായി നിറഞ്ഞു നിൽക്കെ അപ്രതീക്ഷിതമായാണ് സുവാരസ് നൂകാംപിൽനിന്നും നിഷ്കാസിതനാവുന്നത്. പുതിയ കോച്ച് റൊണാൾഡ് കൂമാെൻറ വരവോടെ തലമുറമാറ്റം എന്ന് പേരിട്ട് നടത്തിയ വെട്ടിനിരത്തലിൽ ഉറുഗ്വായ് താരത്തിന് കാറ്റലോണിയൻ ടീമിൽ ഇടം നഷ്ടമായി. 34 കാരനായ സുവാരസിന് തെൻറ ഗെയിം പ്ലാനിൽ ഇടമില്ലെന്നായിരുന്നു കോച്ചിെൻറ വിശദീകരണം. വിറ്റൊഴിവാക്കാനുള്ളവരുടെ പട്ടികയിൽ തെൻറപേരുമുണ്ടെന്നറിഞ്ഞ സുവാരസ് ഞെട്ടൽ മറച്ചുവെച്ചുമില്ല.
പിന്നെ, നിരാശയുടെ ദിനങ്ങൾ. യുവൻറസിലേക്ക് കൂടുമാറാനുള്ള ശ്രമം നടന്നില്ലെന്നു മാത്രമല്ല, നാണക്കേടുമായി. അപ്പോഴാണ് പെരുമഴയിൽ ഒറ്റപ്പെട്ടവന് കുടപിടിക്കുന്നപോലെ അത്ലറ്റികോയുടെ വരവ്. രണ്ടുവർഷത്തെ കരാറായിരുന്നു അവർ വെച്ചുനീട്ടിയത്. നൂകാംപിൽനിന്നും മെസ്സിയോടും കൂട്ടുകാരോടും യാത്രപറഞ്ഞ്, മനസ്സില്ലാമനസ്സോടെ തോരാത്ത കണ്ണീരുമായി സുവാരസ് പുതിയ താവളത്തിലെത്തിയ ചിത്രങ്ങൾ ആരാധകരുടെ മനസ്സിൽ ഇന്നുമൊരു നോവായി തുടരുന്നു.
നൂകാപിൽനിന്നും അത്ലറ്റികോ മഡ്രിഡിലെത്തിയിട്ട് ഇത് എട്ടുമാസം. കണ്ണീരിനും സങ്കടങ്ങൾക്കും ലാ ലിഗ കിരീടംകൊണ്ടാണ് സുവാരസിെൻറ പരിഹാര ക്രിയ. ഗെയിംപ്ലാനിന് പാകമല്ലാത്തവൻ എന്ന് അപമാനിച്ചവർക്ക് മുന്നിൽ മധുര പ്രതികാരവുമായി സുവാരസ് അത്ലറ്റികോയെ മുന്നിൽനിന്നും നയിച്ചു. അവസാന മത്സരത്തിൽ വിജയം കുറിച്ച ഗോൾ ഉൾപ്പെടെ സീസണിൽ ടീമിനായി അടിച്ചുകൂട്ടിയത് 21 ഗോൾ. 32 മത്സരങ്ങളിലും കളത്തിലിറങ്ങിയ താരം മൂന്ന് അസിസ്റ്റും തെൻറ പേരിൽ കുറിച്ചു. സുവാരസിെൻറ വരവിനെ ഏറ്റവും സമർഥമായി ഉപയോഗിച്ചുകൊണ്ട് പരിശീലകൻ ഡീഗോ സിമിയോണിയും തെൻറ കിരീടയാത്ര ഗംഭീരമാക്കി.
ഏഞ്ചൽ കൊറിയയും യാനിക് കറാസ്കോയും ക്യാപ്റ്റൻ കോകെയും നിറഞ്ഞ മുന്നേറ്റത്തിൽ ക്ലിനിക്കൽ ഫിനിഷറുടെ റോൾ സുവാരസ് ഭംഗിയായി പൂർത്തിയാക്കി. 12 ഗോൾ നേടിയ മാർകോസ് ലോറെൻറയാണ് അത്ലറ്റികോയിലെ രണ്ടാമത്തെ ഗോൾ സ്കോറർ എന്നറിയുേമ്പാൾ സിമിയോണിയുടെ ഗെയിംപ്ലാനിൽ സുവാരസ് എത്രമാത്രം വിലപ്പെട്ടതാണെന്ന് വ്യക്തമാവും.
'ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു കടന്നുപോയത്. ബാഴ്സലോണയിൽനിന്ന് അപമാനിക്കപ്പെട്ട് പുറത്തുപോയപ്പോൾ വാതിലുകൾ തുറന്നുതന്ന ക്ലബിനോട് (അത്ലറ്റികോ മഡ്രിഡ്) ഏറെ ആദരവുണ്ട്. ഇനി എത്രകാലം ഫുട്ബാളിലുണ്ടായാലും ഇൗ വർഷം അത്രമേൽ പ്രിയപ്പെട്ടതാവും' -സുവാരസിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.