മലപ്പുറം: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ചാമ്പ്യൻഷിപ് അണ്ടർ 17 വിഭാഗത്തിൽ വിജയപ്രതീക്ഷയുമായി അത്താണിക്കൽ എം.ഐ.സി ഹയർ സെക്കൻഡറി സ്കൂൾ വ്യാഴാഴ്ച യാത്രതിരിക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് താരങ്ങൾ ഡൽഹിയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് മത്സരങ്ങൾ തുടങ്ങുന്നത്. രണ്ടാം തീയതിയാണ് ടീമുകളോട് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചത്.
കേരളത്തെ പ്രതിനിധാനംചെയ്ത് എം.ഐ.സിയിലെ കുട്ടികൾ യാത്രതിരിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും സ്കൂൾ അധികൃതരും. സുബ്രതോ കപ്പിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് എം.ഐ.സിയുടെ ആദ്യ അവസരമാണിത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ തീവ്രപരിശീലനം നേടിയ താരങ്ങൾ ബുധനാഴ്ചയാണ് മലപ്പുറത്തെത്തിയത്. സുബ്രതോ ടൂർണമെന്റിൽ സംസ്ഥാനത്തുനിന്ന് ദേശീയ യോഗ്യത നേടുന്ന ആദ്യ അൺ എയ്ഡഡ് സ്കൂളെന്ന നേട്ടം കരസ്ഥമാക്കിയാണ് എം.ഐ.സി ശ്രദ്ധേയമായത്.
ആഗസ്റ്റിൽ കോട്ടപ്പടി മൈതാനിയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ ഫൈനലിൽ കോഴിക്കോടിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപിച്ചാണ് എം.ഐ.സി ജേതാക്കളായത്. സെമിയിൽ കാസർകോടിനെയും ക്വാർട്ടറിൽ ആലപ്പുഴയെയും എതിരില്ലാത്ത നാല് ഗോളുകൾക്കും പരാജയപ്പെടുത്തിയിരുന്നു. കളിച്ച നാല് കളികളിൽ എതിർ വലയിൽ 18 ഗോളുകൾ തൊടുത്ത എം.ഐ.സി ഒരു ഗോൾപോലും ടൂർണമെന്റിൽ വഴങ്ങിയില്ല. കൂടാതെ, ഉപജില്ലതലത്തിലും ജില്ലതലത്തിലും നേരത്തേ സുബ്രതോ കപ്പിൽ ദേശീയ മത്സരങ്ങളിലടക്കം അവസരം ലഭിച്ച ടീമുകളായ എം.എസ്.പിയെയും എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രയെയും മുട്ടുകുത്തിച്ചതും ടീമിന് ആത്മവിശ്വാസം നൽകുന്നു. വ്യാഴാഴ്ച രാവിലെ 10ന് സ്കൂളിൽ യാത്രയയപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.