കോഴിക്കോട്: അനേക കാലത്തെ ഇരുട്ടിനെ വകഞ്ഞുമാറ്റി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ശനിയാഴ്ച കൺതുറക്കും. ആ വെള്ളിവെളിച്ചത്തിനു കീഴിൽ ഇന്ത്യൻ ഫുട്ബാളിലെ അതികായന്മാർ ഏറ്റുമുട്ടും. കോഴിക്കോട്ടും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലുമായാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.
ഐ.എസ്.എല്ലിലെ 11 ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളും നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന മത്സരത്തിലെ എ, സി ഗ്രൂപ് മത്സരങ്ങൾക്കും ഒരു സെമിഫൈനൽ മത്സരത്തിനും ഫൈനലിനും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ബി, ഡി ഗ്രൂപ് മത്സരങ്ങൾക്കും ഒരു സെമിഫൈനലിനും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും വേദിയാകും. ദിവസവും രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് ആദ്യ മത്സരം. രണ്ടാം മത്സരം രാത്രി എട്ടരക്കും.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയും ശ്രീനിധി എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ടരക്ക് കായികമന്ത്രി വി. അബ്ദുറഹ്മാൻ സൂപ്പർ കപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. 8.30ന് മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യനായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും.
ഏറെ കാലത്തിനു ശേഷമാണ് കോഴിക്കോട്ട് ഇത്രയും വലിയൊരു ഫുട്ബാൾ ടൂർണമെന്റ് വിരുന്നുവരുന്നത്. ഒട്ടുമിക്ക ബൾബുകളും തകരാറിലായ ഫ്ലഡ് ലൈറ്റുകൾ വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് കേരള ഫുട്ബാൾ അസോസിയേഷനും കോഴിക്കോട് കോർപറേഷനും സജ്ജമാക്കിയിരിക്കുന്നത്. അതോടൊപ്പം കഠിനാധ്വാനം നടത്തിയാണ് സ്റ്റേഡിയത്തിലെ പുൽമൈതാനം ദേശീയ നിലവാരത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.