മഞ്ചേരി: സൂപ്പർ കപ്പ് മത്സരങ്ങൾക്കായി കേരളത്തിലെത്തിയ ടീമുകൾക്ക് സൗകര്യക്കുറവിൽ അതൃപ്തി. ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി തുടങ്ങിയ ടീമുകളാണ് സംഘാടനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. പരിശീലന സൗകര്യങ്ങളും യാത്ര ബുദ്ധിമുട്ടും ഭക്ഷണത്തിലെ പോരായ്മകളുമാണ് ടീമുകളെ ചൊടിപ്പിക്കുന്നത്. ഐ.എസ്.എൽ ടൂർണമെന്റുകൾക്ക് ലഭിച്ചുപോരുന്ന പരിഗണന സൂപ്പർ കപ്പിന് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
മുൻ ഇന്ത്യൻ കോച്ചും നിലവിലെ ഈസ്റ്റ് ബംഗാൾ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് ആദ്യം വെടി പൊട്ടിച്ചത്. ടീമുകൾക്ക് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും പരിശീലന സംവിധാനത്തെ കുറിച്ചുമാണ് അദ്ദേഹം പരാതി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം കോട്ടപ്പടി മൈതാനത്ത് രാത്രി പരിശീലനത്തിനിറങ്ങിയപ്പോൾ വേണ്ടത്ര വെളിച്ചമില്ലാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മൈതാനത്ത് ഒരു ലൈൻപോലും മാർക്ക് ചെയ്യാത്തതും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ഹൈദരബാദ് എഫ്.സിയും ഇതേ മൈതാനത്താണ് പരിശീലനം നടത്തിയത്. അഞ്ച് മിനിറ്റ് വാർത്തസമ്മേളനത്തിനായി മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോയതിലും ടീമുകൾക്ക് അമർഷമുണ്ട്.
ഒഡിഷ എഫ്.സിയും സമാന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും മോശം സംവിധാനത്തിൽ പരിശീലനം നടത്തുന്നത് ആദ്യമായാണെന്ന് ഒഡിഷ ടീമിനൊപ്പമുള്ള അംഗങ്ങൾ പ്രതികരിച്ചിട്ടുണ്ട്. ഒഡിഷ എഫ്.സി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ പരാതി അറിയിച്ചതായും വിവരമുണ്ട്. ഹൈദരാബാദ് എഫ്.സിയുമായി ബന്ധപ്പെട്ടവരും സംഘാടനത്തിലെ പോരയ്മകൾ കഴിഞ്ഞ ദിസവം ‘മാധ്യമ’ത്തോട് വ്യക്തമാക്കി. നേരത്തെ സൂപ്പർ കപ്പ് യോഗ്യത മത്സരം കളിക്കാൻ എത്തിയ ഐ ലീഗ് ടീമുകളും സമാന പരാതി ഉന്നയിച്ചിരുന്നു. അതേസമയം പരിശീലന സ്റ്റേഡിയത്തിലെ ചില പോരയ്മകൾ ടീമുകൾ അറിയിച്ച ഉടൻ പരിഹരിച്ചിട്ടുണ്ടെന്നും മറ്റു പരാതികൾ പരിശോധിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.