മഞ്ചേരി: സൂപ്പർ കപ്പ് ഗ്രൂപ് ഡിയിലെ വമ്പൻ പോരിൽ വിജയം കൊയ്യാൻ കച്ചകെട്ടി നാല് ടീമുകൾ ചൊവ്വാഴ്ച പയ്യനാട് സ്റ്റേഡിയത്തിലിറങ്ങുന്നു. മൂന്ന് ഐ.എസ്.എൽ ടീമുകളും ഒരു ഐ ലീഗ് ടീമുമാണ് ഡി ഗ്രൂപ്പിലെ പോരാട്ടക്കാർ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയ മുംബൈ സിറ്റി എഫ്.സി, ഗോവൻ പ്രമുഖരായ ചർച്ചിൽ ബ്രദേഴ്സിനെ നേരിടും.
രാത്രി 8.30ന് നടക്കുന്ന രണ്ടാം അങ്കത്തിൽ ചെന്നൈയിൻ എഫ്.സി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുമായി ഏറ്റുമുട്ടും. പയ്യനാട്ട് നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ കളത്തിലിറങ്ങുന്നത്. ഐ ലീഗിൽ 22 കളികളിൽനിന്ന് ഒമ്പത് വിജയത്തോടെ 33 പോയന്റ് നേടി ആറാം സ്ഥാനക്കാരായാണ് ചർച്ചിൽ ബ്രദേഴ്സിന്റെ വരവ്.
ഏഴ് മലയാളി താരങ്ങളുമായാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി എത്തിയിരിക്കുന്നത്.. മുന്നേറ്റനിരയിൽ എം.എസ്. ജിതിൻ, മധ്യനിരയിൽ ഗനി അഹമ്മദ് നിഗം, മുഹമ്മദ് ഇർഷാദ്, എമിൽ ബെന്നി, പ്രതിരോധത്തിൽ മഷൂർ ഷെരീഫ്, അലക്സ് ഷാജി, ഗോളി മിർഷാദ് മിച്ചു എന്നിവരുൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റിലെ മലയാളിപ്പട. സ്റ്റാർ സ്ട്രൈക്കർ നാസർ എൽ ഖയാതിയും മിഡ്ഫീൽഡർ അനിരുദ്ധ് താപ്പയും ചെന്നൈ ടീമിന്റെ കരുത്താവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.