മഞ്ചേരി: സൂപ്പർ കപ്പിൽ മുംബൈ സിറ്റി എഫ്.സിയുടെ സെമി ഫൈനൽ മോഹങ്ങൾക്കു കടിഞ്ഞാണിട്ട് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് നോർത്ത് ഈസ്റ്റ് ജയിച്ചത്. ക്യാപ്റ്റൻ വിൽമാർ ജോർദാൻ (32, 50) ഇരട്ട ഗോൾ നേടി. ഐ.എസ്.എല്ലിലേറ്റ തുടർ തോൽവിക്ക് ഇതോടെ പകരം വീട്ടാനുമായി. തോൽവിയോടെ മുംബൈ സിറ്റി ഡി ഗ്രൂപ്പിൽ മൂന്നാമതായി. ഏപ്രിൽ 19ന് ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
മുംബൈ സിറ്റി എഫ്.സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനിറ്റിൽ ചാങ്തെയുടെ കിക്ക് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾകീപ്പർ മിർഷാദ് തടഞ്ഞിട്ടു. 23ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ എമിൽ ബെന്നിയുടെ ഫ്രീകിക്ക് വിൽമാർ ജോർദാൻ ഹെഡ് ചെയ്തെങ്കിലും മുംബൈ പോസ്റ്റിൽ തട്ടി തെറിച്ചു. 32ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. വലത് വിങ്ങിൽനിന്ന് നോർത്ത് ഈസ്റ്റിന്റെ ജോ സോഹ്റേയുടെ കിക്ക് മുംബൈയുടെ പ്രതിരോധ താരം മെഹ്താബ് സിങ്ങിന്റെ കൈയിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റിയെടുത്ത വിൽമാർ ജോർദാന് പിഴച്ചില്ല. 50ാം മിനിറ്റിൽ ഇടത് വിങ്ങിൽനിന്ന് അലക്സിന്റെ നല്ല ഒന്നാന്തരം ഓട്ടത്തിൽനിന്ന് പിറന്ന കീ പാസ് ഗനി അഹമ്മദ് ഗോൾ പോസ്റ്റിലേക്കടിച്ചു.
മുംബൈ സിറ്റി ഗോൾ കീപ്പർ ലാചെൻപ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് ലഭിച്ച വിൽമാർ ജോർദാൻ പന്ത് കൃത്യമായി വലയിലെത്തിച്ചു.
84ാം മിനിറ്റിൽ അപൂയ മുംബൈക്കായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. (2-1). നോർത്ത് ഈസ്റ്റിനായി ഇരട്ട ഗോൾ നേടിയ നേടിയ വിൽമാർ ജോർദാനാണ് കളിയിലെ താരം.
മഞ്ചേരി: സൂപ്പർ കപ്പിൽ ചെന്നൈയിൻ എഫ്.സിയെ ഗോൾരഹിത സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്സ്. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും നാലു പോയൻറുമായി ചെന്നൈയിനാണ് ഗ്രൂപ്പിൽ ഒന്നാമത്. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ ജയിക്കാനായാൽ ടീമിന് സെമി ഫൈനൽ ഉറപ്പിക്കാം. ചർച്ചിൽ ബ്രദേഴ്സ് സെമി കാണാതെ പുറത്തായി. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ കണ്ടെത്താൻ നിരന്തരം ആക്രമണം നടത്തി. അഞ്ചാം മിനിറ്റിൽ ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. 43ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ലഭിച്ച ക്രോസ് ആകാശ് സാങ് വാൻ തകർപ്പൻ ഹെഡ് ചെയ്തെങ്കിലും ചർച്ചിൽ ബ്രദേഴ്സ് ഗോൾ കീപ്പർ നോറ ഫെർണാണ്ടസ് പുറത്തേക്ക് തട്ടിയിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഒന്നിനു പിറകെ ഒന്നായി മുന്നേറ്റങ്ങൾ നടത്തി. വിജയ ഗോൾ കണ്ടെത്താൻ ചെന്നൈയിനും ചർച്ചിലും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.