കോഴിക്കോട്: ബംഗളൂരു എഫ്.സി മൂന്നാമത് സൂപ്പർ കപ്പിന്റെ ഫൈനലിൽ കടന്നു. ആധികാരിക ജയങ്ങളുമായി സെമി പോരാട്ടത്തിനെത്തിയ ജാംഷഡ്പുർ എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ബംഗളൂരു ഫൈനലിലേക്ക് കുതിച്ചത്. സെമി ഫൈനലിന്റെ ചൂടും ചൂരുമില്ലാതെ, കാര്യമായ മുന്നേറ്റങ്ങളില്ലാതെ വിരസമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബംഗളൂരുവിന്റെ രണ്ടു ഗോളുകളും വീണത്. സബ്സ്റ്റിറ്റ്യൂട്ട് താരം ശിവശക്തിയുടെ പിൻബലത്തിലായിരുന്നു രണ്ടു ഗോളുകളും. 67ാം മിനിറ്റിൽ ജയേഷ് ദിലീപ് റാണെയും 83ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയുമാണ് ബംഗളൂരുവിനായി ഗോൾ കുറിച്ചത്.
ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിൽ ഊന്നിയപ്പോൾ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ അകന്നുനിന്നു. മൂന്നാം മിനിറ്റിൽ ജാംഷദ്പൂരിന് സുവർണാവസരമാണ് കിട്ടിയത്. ബംഗളൂരു ബോക്സിനു പുറത്തുനിന്ന് മുന്നേറ്റക്കാരൻ ഇമ്മാനുവൽ തോമസ് പായിച്ച ലോങ് റേഞ്ചർ ഷോട്ട് ഗോളി ഗുർപ്രീത് സിങ് സന്ധു തടഞ്ഞെങ്കിലും റീബൗണ്ടായി വന്നത് ഡാനിയൽ ചീമ ചുക്വുവിന്റെ മുന്നിലേക്കായിരുന്നു. ചുക്വുന് പന്ത് നിയന്ത്രിക്കാൻ കഴിയാതെ പോയി. 30ാം മിനിറ്റിൽ സൂപ്പർ താരം ഹാവിയർ ഹെർണാണ്ടസ് പരിക്കേറ്റ് പുറത്തായെങ്കിലും ബംഗളൂരു ആ കുറവ് പരിഹരിച്ചു.
67ാം മിനിറ്റിൽ ജാംഷഡ്പുരിന്റെ പ്രതിരോധം പിളർന്ന് ബംഗളൂരു ഗോൾ വലകുലുക്കി. വലതു വിങ്ങിൽനിന്ന് മൂന്ന് പ്രതിരോധക്കാർക്കിടയിലൂടെ സബ്സ്റ്റിറ്റ്യൂട്ട് ശിവശക്തി കൊടുത്ത കൃത്യതയാർന്ന ക്രോസ് മറ്റൊരു പകരക്കാരനായ ജയേഷ് ദിലീപ് റാണെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചെത്തിയിറക്കുമ്പോൾ മലയാളിയായ ഗോളി രഹനേഷ് നിസ്സഹായനായിരുന്നു.
83ാം മിനിറ്റിലെ രണ്ടാം ഗോളും ആദ്യ ഗോളിന്റെ ആവർത്തനം പോലെയായി. വീണ്ടും ശിവശക്തിയുടെ സഹായത്തോടെ ബംഗളൂരു ഗോൾ കുറിച്ചു. വലതു വിങ്ങിൽനിന്ന് റോയ് കൃഷ്ണ ഗോൾവല ലക്ഷ്യമാക്കി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി രഹനേഷ് സമർഥമായി തട്ടിയകറ്റിയെങ്കിലും തക്കം പാർത്തുനിന്ന ശിവശക്തിയുടെ മുന്നിലേക്കാണ് റീബൗണ്ടായെത്തിയത്. ശിവശക്തി ഹെഡറിലൂടെ പോസ്റ്റിനു മുന്നിൽ നിന്ന സുനിൽ ഛേത്രിക്ക് പന്ത് മറിച്ചുനൽകി. ഛേത്രി അവസരം പാഴാക്കാതെ വലയിലുമാക്കി. ടീം ഫൈനലിലും കടന്നു. നിലവിൽ ഐ.എസ്.എല്ലിലെ റണ്ണേഴ്സാണ് ബംഗളൂരു. ഇന്ന് വൈകീട്ട് ഏഴിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഒഡിഷ എഫ്.സിയെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.