മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ചൊവ്വാഴ്ച തൃശൂർ മാജിക് എഫ്.സിയും ഫോഴ്സാ കൊച്ചി എഫ്.സിയും ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. നാല് റൗണ്ടുകള്‍ പൂര്‍ത്തിയായ ടൂര്‍ണമെന്റില്‍ അഞ്ച് പോയന്റുമായി നാലാം സ്ഥാനത്താണ് നിലവിൽ ഫോഴ്സാ കൊച്ചി. ചാമ്പ്യൻഷിപ്പിൽ ഇതുവരെ വിജയം രുചിക്കാത്ത തൃശൂർ രണ്ട് പോയന്റുമായി അവസാന സ്ഥാനത്താണ്.
സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഫോഴ്സാ കൊച്ചി. കളിച്ച നാല് കളികളിൽ ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അഞ്ച് പോയന്റാണ് ടീമിന്റെ സമ്പാദ്യം. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തം ആരാധകർക്കു മുന്നിൽ മലപ്പുറം എഫ്.സിയോടാണ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോഴ്സാ കൊച്ചി പരാജയപ്പെട്ടത്. പിന്നീട് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയോടും കണ്ണൂർ എഫ്.സിയോടും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ദിനം പ്രതി ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതാകുന്നത് ആരാധകർക്കും പ്രതീക്ഷ നൽകുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ കൂടി ആധികാരിക വിജയമുറപ്പിച്ച് സെമി സാധ്യത നിലനിർത്താനാണ് കൊച്ചി മൈതാനത്തേക്കിറങ്ങുന്നത്.
പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് തൃശൂര്‍ മാജിക് എഫ്.സി. ടൂര്‍ണമെന്റില്‍ ഇതുവരെ വിജയനൃത്തം ചവിട്ടാൻ കഴിയാത്ത തൃശൂരിന്റെ നില പരുങ്ങലിലാണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയില്ലെങ്കില്‍ അവസാന നാലിലെത്തുക പ്രയാസമാകും. അതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും തൃശൂരിന് ചിന്തിക്കാനില്ല.
കളിച്ച നാല് മത്സരങ്ങളിൽ ആദ്യ രണ്ട് കളികളില്‍ തോറ്റ തൃശൂര്‍ കഴിഞ്ഞ രണ്ട് കളികളില്‍ സമനില പിടിച്ചു. സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള ടീം പയ്യനാട് നടന്ന ആദ്യ കളിയില്‍ കണ്ണൂര്‍ വാരിയേഴ്സുമായാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ടീം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരത്തിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം കളിയിലും തോല്‍വി തന്നെയായിരുന്നു ഫലം. പയ്യനാട്ട് മലപ്പുറവുമായി കളിച്ച മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കാലിക്കറ്റ് എഫ്.സി.യുമായി നടന്ന അവസാന കളിയില്‍ അധിക സമയത്ത് രണ്ടു ഗോളുകള്‍ അടിച്ച് ത്രില്ലര്‍ സമനില ടീം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.