കോഴിക്കോട്: സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സമനിലകൾ മാത്രം പിറക്കുന്നുവെന്ന ‘ചീത്തപ്പേരിന്’ ഇനിയും അറുതിയായില്ല. തോൽവി മുനമ്പിൽനിന്ന് അവസാന മിനിറ്റുകളിൽ തിരിച്ചടിച്ച് കണ്ണൂർ വാരിയേഴ്സിനെതിരെ മാനം കാത്തു കാലിക്കറ്റ് എഫ്.സി (1-1). 61ാം മിനിറ്റിൽ കണ്ണൂർ ക്യാപ്റ്റൻ സ്പെയിൻ താരം അഡ്രിയൻ സർഡിനീറോ കോർപ കാലിക്കറ്റിന്റെ ഗോളി വിശാൽ ജൂണിനെ മറികടന്ന് പന്ത് വലയിലാക്കി. 91ാം മിനിറ്റിലായിരുന്നു കാലിക്കറ്റിന്റെ മറുപടി. ബെൽഫോർട്ട് നൽകിയ പാസിൽ ബ്രിട്ടോ സമനില ഗോൾ നേടി.
എട്ടാം മിനിറ്റിൽ കാലിക്കറ്റ് എഫ്.സിയുടെ പ്രതിരോധ താരം മുഹമ്മദ് റിയാസിന് ലഭിച്ച സുവർണാവസരം ഗോളാക്കാനായില്ല. 16ാം മിനിറ്റിൽ കാലിക്കറ്റിന് അനുകൂലമായി രണ്ട് കോർണർ കിക്കുകൾ ലഭിച്ചെങ്കിലും പാഴായി. 25ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സിന് അനുകൂലമായി പെനാൽറ്റി ബോക്സിന് വാരകൾക്ക് മുന്നിൽ വെച്ച് ലഭിച്ച ഫൗൾ കിക്ക് ഫോർവേഡായ മുഹമ്മദ് റിഷാദ് ഗഫൂർ ഗോളി ക്കുനേരെ പായിച്ചെങ്കിലും ഗോൾ കീപ്പർ വിശാൽ ജൂൺ ഉയർന്നുപൊങ്ങി അതിമനോഹരമായി തട്ടിയകറ്റി. 32ാം മിനിറ്റിൽ കണ്ണൂരിന്റെ കുതിപ്പിനെ ഫൗളിലൂടെ തടഞ്ഞ കാലിക്കറ്റിന്റെ മനോജിന് മഞ്ഞക്കാർഡ് ലഭിച്ചു.
39 ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സിന്റെ മിഡ്ഫീൽഡർ സ്പെയിൻ താരം ആസിയർ ഗോമസ് അൽവാരസ് പന്തുമായി ഗോളിന് മുന്നേറവെ കാലിക്കറ്റിന്റെ ഘാന ഡിഫൻഡർ റിച്ചാർഡ് ഒസെയ് അത്ഭുതകരമായി രക്ഷപ്പെടുത്തി. പന്തടക്കത്തിലും ലക്ഷ്യസ്ഥാനങ്ങളിൽ പന്തെത്തിക്കുന്നതിലും ഇരു ടീമുകളും ഐക്യപ്പെട്ടു. രണ്ടാം പകുതിയിൽ റിജോൺ ജോസിനെ മാറ്റി കാലിക്കറ്റ് ഫോർവേഡായ ബ്രിട്ടോയെ പരീക്ഷിച്ചു. 58ാം മിനിറ്റിൽ കാലിക്കറ്റ് റിയാസിനു പകരം അഭിരാമിനെ പരീക്ഷിച്ചു. കാലിക്കറ്റ് ആരാധകർ തോൽവിയുടെ നിരാശയിൽ മടങ്ങാനിരിക്കെയായിരുന്നു ആവേശമേറ്റി ബ്രിട്ടോയുടെ ഗോൾ. പിന്നാലെ ബാഫക്ക് ലഭിച്ച സുവർണാവസരം ഗോളായിരുന്നെങ്കിൽ ജയം കാലിക്കറ്റിനൊപ്പം നിന്നേനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.