ഖത്തർ ലോകകപ്പിനുശേഷമുള്ള ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിലാണ് പി.എസ്.ജി ജയിച്ചത്. ബ്രസീലിയർ താരം നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ സ്ട്രാസ് ബെർഗിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടീമിന്‍റെ ജയം.
സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെയാണ് പി.എസ്.ജി ഇടവേളക്കുശേഷം കളത്തിലിറങ്ങിയത്. എന്നാൽ, ലോകകപ്പ് ഫൈനലിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ലോകകപ്പ് കലാശപ്പോരിൽ ജയം അർജന്‍റീനക്കായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 എന്ന സ്കോറിനായിരുന്നു മെസ്സിയും കൂട്ടരും വിശ്വകിരീടം ചൂടിയത്. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മെസ്സി സ്വന്തമാക്കിയപ്പോൾ, ഫൈനലിലെ ഹാട്രിക്ക് നേട്ടത്തിനൊപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള സുവർണ പാദുകവും എംബാപ്പെക്കായിരുന്നു.
എന്നാൽ, അർജന്‍റീനയുടെ വിജയാഘോഷം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്‍റെ അതിരു കടന്ന ആഘോഷമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. ഒന്നിലധികം തവണയാണ് മാർട്ടിനെസ് എംബാപ്പെയെ പരിഹസിച്ചത്. അർജന്‍റീനയുടെ ആഘോഷങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ എംബാപ്പെ. ഇത്തരം ആഘോഷങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് സൂപ്പർതാരം പറയുന്നു.
ടീമിന്റെ ലക്ഷ്യം നേടാൻ സഹായിക്കുന്നതിനായി തന്റെ സഹതാരം ലയണൽ മെസ്സി മടങ്ങിയെത്തുന്നതിനായി കാത്തിരിക്കുകയാണെന്നും എംബാപ്പെ വ്യക്തമാക്കി. ‘ആഘോഷങ്ങൾ എന്റെ പ്രശ്‌നമല്ല. അത്തരം വ്യർഥമായ കാര്യങ്ങൾക്കായി ഊർജം പാഴാക്കരുത്, എന്റെ ക്ലബിന് വേണ്ടി ഏറ്റവും മികച്ചത് നൽകുക എന്നതാണ് എനിക്ക് പ്രധാനം, മത്സരത്തിലെ ജയവും സ്കോറിങ്ങും തുടരാൻ മെസ്സി മടങ്ങിവരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും’ -എംബാപ്പെ പറഞ്ഞു.
മെസ്സി കുടുംബത്തോടൊപ്പം നിലവിൽ അർജന്‍റീനയിലാണുള്ളത്. ജനുവരിയിൽ മാത്രമേ താരം പി.എസ്.ജിക്കൊപ്പം ചേരുവെന്നാണ് പുറത്തുവരുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.