ദോഹ: ഡിസംബർ 18ന് വിശ്വവിജയികൾ സ്വർണക്കപ്പുയർത്തുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളുന്നു. ലോകകപ്പിനായി സ്വർണക്കൂടുപോലെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്ന സ്വപ്നമൈതാനിയിൽ ഇത് ട്രയൽ റൺ. ഖത്തറിലെ ടോപ് ഡിവിഷൻ ലീഗായ സ്റ്റാർസ് ലീഗിലെ ദോഹ ഡെർബിയിൽ അൽ അറബിയും അൽ റയ്യാനും തമ്മിൽ പ്രാദേശിക സമയം രാത്രി 7.40ന് (ഇന്ത്യൻസമയം 10.10ന്) നടക്കുന്ന മത്സരത്തോടെയാണ് ലുസൈലിന്‍റെ മുറ്റത്ത് കളിതുടങ്ങുന്നത്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങിയ എട്ടു സ്റ്റേഡിയങ്ങളിൽ ഏഴിന്‍റെയും ഉദ്ഘാടനം നേരത്തേ കഴിഞ്ഞിരുന്നു. ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ്, അമീർ കപ്പ്, ഇന്‍റർകോണ്ടിനെന്‍റൽ േപ്ലഓഫ്, സ്റ്റാർസ് ലീഗ് ഉൾപ്പെടെ നിരവധി മത്സരങ്ങൾക്കും വേദിയായി. എന്നാൽ, നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഇത് ആദ്യ പന്തുകളിയാണ്. 80,000 സീറ്റ് ശേഷിയോടെ, മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയമായാണ് ഖത്തറിന്‍റെ സ്വപ്നനഗരമായ ലുസൈലിൽ ആഡംബര കളിമുറ്റം ഒരുങ്ങിയത്.
ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ അർജന്‍റീന, ബ്രസീൽ, പോർചുഗൽ ടീമുകളുടെയും ഫൈനൽ, സെമിഫൈനൽ, ക്വാർട്ടർ, പ്രീക്വാർട്ടർ എന്നീ പ്രധാന അങ്കങ്ങളും ഉൾപ്പെടെ 10 മത്സരങ്ങളുടെ വേദിയാണ് ഇവിടം. അറബ് പാരമ്പര്യമായ റാന്തൽവിളക്കിന്‍റെ വെളിച്ചവും നിഴലും മുതൽ, അറബ് കലാരൂപങ്ങളും പാത്രങ്ങളും നിർമാണ ഭംഗിയിലേക്ക് പകർത്തിയാണ് വാസ്തുശിൽപികൾ അസാമാന്യമായ സൃഷ്ടിയൊരുക്കിയത്.
2017ലായിരുന്നു സ്റ്റേഡിയം നിർമാണത്തിന് തുടക്കം കുറിച്ചത്. ലോകകപ്പിനുശേഷം, സ്റ്റേഡിയത്തിന്‍റെ ഇരിപ്പിടശേഷി 20,000ത്തിലേക്ക് ചുരുക്കുമെന്ന് സംഘാടകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇവിടെനിന്നും ഒഴിവാക്കുന്ന 60,000ത്തോളം സീറ്റുകളും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിയിടങ്ങൾ മുതൽ ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളായി മാറും.
നിർമാണമെല്ലാം പൂർത്തിയാക്കിയ സ്റ്റേഡിയത്തിന്‍റെ ട്രയൽ റണ്ണായാണ് വ്യാഴാഴ്ചത്തെ സ്റ്റാർസ് ലീഗ് മത്സരം അരങ്ങേറുന്നത്. മത്സരത്തിനായി നീക്കിവെച്ച മുഴുവൻ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പേ വിറ്റഴിഞ്ഞിരുന്നു. സെപ്റ്റംബർ ഒമ്പതിന് ലുസൈൽ സൂപ്പർ കപ്പ് എന്ന പേരിൽ മേഖലയിലെ വൻ ക്ലബുകളുടെ വലിയ പോരാട്ടവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ കപ്പ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.