ലണ്ടൻ: 75ാം മിനിറ്റു വരെ ഗോൾ വരൾച്ചയുമായി ഇരുടീമുകളും പാഞ്ഞുനടന്ന മൈതാനത്ത് അവസാനം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിന് സമ്മാനിച്ചത് കാത്തുകാത്തിരുന്ന വിജയം. ദയനീയ പ്രകടനവുമായി മുൻ പരിശീലകൻ സോൾഷ്യർ പുറത്തേക്കു വഴി തുറന്ന ക്ലബിന് തിരിച്ചുവരവായാണ് നോർവിച്ചിനെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്ററുകാർ തോൽപിച്ചത്.
ഇതോടെ, 16 കളികളിൽ 27 പോയൻറുമായി ടീം അഞ്ചാം സ്ഥാനത്തേക്കുയർന്നു. മറുവശത്ത്, പിന്നെയും തോറ്റ നോർവിച്ച് 10 പോയൻറുമായി ഏറ്റവും പിറകിലാണ്. പലവട്ടം എതിർഗോൾമുഖം തുറന്ന് റൊണാൾഡോയും സഹതാരങ്ങളും അപായമണി മുഴക്കിയെങ്കിലും നോർവിച്ച് ഗോളി ടിം ക്രൂൽ കരുത്തോടെ കാവൽനിന്നതിനാൽ കുമ്മായ വര കടന്നില്ല. എന്നാൽ, 75ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ പായിച്ച പെനാൽറ്റി ഗോളിയെ നിസ്സഹായനാക്കി അനായാസം വല ചുംബിച്ചു. പലവട്ടം ഗോളി ഡേവിഡ് ഡീ ഗീ രക്ഷകനായതാണ് യുനൈറ്റഡ് വിജയം ഉറപ്പാക്കിയത്.
കഴിഞ്ഞ ദിവസം മറ്റു കളികളിൽ ആദ്യ മൂന്നു സ്ഥാനക്കാരും ജയം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പെനാൽറ്റി ഗോളിലെത്തിച്ചാണ് ജയം പിടിച്ചതെങ്കിൽ ചെൽസി ലീഡ്സിനെ 3-2നും മറികടന്നു. ലിവർപൂളിനായി മുഹമ്മദ് സലാഹും സിറ്റിയുടെ റഹീം സ്റ്റെർലിങ്ങും പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ജൊർജീഞ്ഞോ രണ്ടുഗോളുകളുമായി ചെൽസി വിജയത്തിൽ നിർണായകമായി.
16 കളികളിൽ 38 പോയൻറുമായി സിറ്റി ഒന്നാമതും ഒരു പോയൻറ് പിറകിൽ ലിവർപൂൾ രണ്ടാമതുമുണ്ട്. 36 പോയൻറുള്ള ചെൽസി മൂന്നാമതാണ്. വലിയ മാർജിനിൽ പിറകിലുള്ള വെസ്റ്റ്ഹാമിനും യുനൈറ്റഡിനും 27 വീതം പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.