ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ തുടക്കത്തിലെ പതർച്ചക്കുശേഷം ജയം തിരിച്ചുപിടിച്ച ബംഗളൂരു എഫ്.സി സ്വന്തം തട്ടകത്തിൽ കരുത്തർക്കെതിരെ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. ശനിയാഴ്ച വൈകീട്ട് 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനാണ് എതിരാളികൾ. പോയന്റ് പട്ടികയിൽ മുന്നേറാൻ വിജയത്തിൽ കുറഞ്ഞൊരു പ്രതീക്ഷയും ബംഗളൂരു എഫ്.സിക്ക് മുന്നിലില്ലാത്തതിനാൽ പോരാട്ടം കടുക്കും.
ഈ സീസണിലെ ആദ്യ മത്സരത്തിൽ ബംഗളൂരുവിലെ ഹോം മൈതാനത്ത് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ ശേഷം ചെന്നൈയിനോട് എവേ മത്സരത്തിൽ ഓരോ ഗോളടിച്ച് സമനില വഴങ്ങിയത് മാറ്റിനിർത്തിയാൽ, ബംഗളൂരു എഫ്.സി തികച്ചും ഫോംഔട്ടായിരുന്നു. തുടർന്നുള്ള നാല് കളികളിൽ തോൽവി വഴങ്ങി. ഹൈദരാബാദ്, ഒഡിഷ ടീമുകളോട് എവേ മത്സരത്തിലും ഈസ്റ്റ് ബംഗാളിനോട് ഹോം മത്സരത്തിലും ഓരോ ഗോളിന് തോറ്റു.
പിന്നീട് മുംബൈ അറീനയിൽ മുംബൈ സിറ്റിയോട് മറുപടിയില്ലാത്ത നാല് ഗോളിന് തകർന്നതോടെ ഈ സീസണിൽ ബംഗളൂരുവിന്റെ കഥ കഴിഞ്ഞെന്ന് വിമർശകർ വിലയിരുത്തിയിടത്തുനിന്നാണ് അവസാന മത്സരത്തിൽ കരുത്തരായ ഫട്ടോർഡയിൽ വീഴ്ത്തിയത്.ഗോവക്കെതിരായ വിജയം ടീമിന് പകർന്നുനൽകിയ ആത്മവിശ്വാസവുമായാണ് ഛേത്രിയും കൂട്ടരും എ.ടി.കെയെ നേരിടാനൊരുങ്ങുന്നത്.മുന്നേറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിലും അവ ലക്ഷ്യത്തിലേക്കെത്തുന്നതിൽ പരാജയപ്പെടുന്നതാണ് ബംഗളൂരു എഫ്.സി ഈ സീസണിൽ നേരിടുന്ന പ്രതിസന്ധി.
ഐ.എസ്.എല്ലിലെ രണ്ട് ഗോളടി യന്ത്രങ്ങളായ റോയ് കൃഷ്ണയും സുനിൽ ഛേത്രിയും അണിനിരന്നിട്ടും ആവശ്യത്തിന് ഗോൾ മാത്രം പിറക്കുന്നില്ല. ഏഴ് കളിയിൽനിന്നായി ടീം ഇതുവരെ നേടിയത് നാലു ഗോളുകൾ. കഴിഞ്ഞ കളിയിൽ യാവി ഹെർണാണ്ടസ് ഇരട്ട ഗോൾ നേടിയപ്പോൾ ചെന്നൈക്കെതിരെ റോയ് കൃഷ്ണയും നോർത്ത് ഈസ്റ്റിനെതിരെ അലൻ കോസ്റ്റയും ലക്ഷ്യംകണ്ടു. സുനിൽ ഛേത്രിയുടെ പേരിൽ ഒരു ഗോൾ പോലും കുറിക്കപ്പെട്ടിട്ടില്ല.
എട്ടു ഗോൾ വഴങ്ങിയ ടീം പലപ്പോഴും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഒറ്റയാൾ പ്രകടനംകൊണ്ടാണ് കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. ഏഴ് കളിയിൽനിന്ന് ഏഴ് പോയന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം. മുൻ കളികളിൽനിന്ന് വ്യത്യസ്തമായി, ബാൾ പൊസിഷനിൽ പിന്നിലായിരുന്നിട്ടും അവസരങ്ങൾ ഗോളാക്കി മാറ്റിയതാണ് ഗോവക്കെതിരെ ജയം സമ്മാനിച്ചത്. വൻ താരനിരയുമായെത്തുന്ന എ.ടി.കെയെയും ഇതേ തന്ത്രത്തിൽ വീഴ്ത്തിയാൽ കോച്ച് സൈമൺ ഗ്രേസന് ആശ്വസിക്കാൻ വകയുണ്ടാവും.
ഏഴു കളിയിൽനിന്ന് 13 പോയന്റുമായി എ.ടി.കെ മോഹൻ ബഗാൻ ലീഗിൽ നിലവിൽ നാലാം സ്ഥാനത്താണ്. 10 ഗോൾ അടിച്ച ടീം ഇതുവരെ വഴങ്ങിയത് മൂന്നുഗോൾ മാത്രമാണെന്നത് പ്രതിരോധ നിരയുടെ കരുത്ത് വെളിപ്പെടുത്തുന്നു.ഏറ്റവുമൊടുവിൽ ഹൈദരാബാദിനെ വീഴ്ത്തിയാണ് മറൈനേഴ്സിന്റെ വരവ്. ബംഗളൂരു എഫ്.സിയുടെ മുൻ താരം ആഷിഖ് കുരുണിയൻ എ.ടി.കെ നിരയിലും എ.ടി.കെയുടെ മുൻ താരങ്ങളായ റോയ് കൃഷ്ണ, പ്രബീർദാസ്, സന്ദേശ് ജിങ്കാൻ തുടങ്ങിയവർ ബംഗളൂരു എഫ്.സിയിലും ബൂട്ടുകെട്ടും.ഗോവക്കെതിരായ മത്സരത്തിൽ കളിക്കാരുടെ പ്രകടനത്തിൽ സംതൃപ്തനാണെന്നും താരങ്ങൾ ടീമിൽ പ്രതീക്ഷയർപ്പിച്ച് കളിക്കണമെന്നും ബംഗളൂരു കോച്ച് സൈമൺ ഗ്രേസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.