ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആഘോഷപൂർവം വരവേറ്റ് റിയാദ് നഗരം

റിയാദ്: ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റിയാദിലൊരുക്കിയത് വൻ വരവേൽപ്. കൂറ്റൻ ബോർഡുകൾ ഉയർത്തി നഗരമാകെ അണിഞ്ഞൊരുങ്ങി ആഘോഷപൂർവമാണ് താരത്തെ നഗരം സ്വീകരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കുടുംബത്തോടൊപ്പം റിയാദിലെത്തിയത്. രണ്ടര വർഷത്തെ കരാറിൽ സൗദി അൽ നസ്ർ ക്ലബിൽ ചേരുന്നതിനാണ് 37കാരനായ താരം റിയാദിലെത്തിയത്. റൊണാൾഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് ‘ഹലാ റൊണാൾഡോ’ എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിയ, പോർച്ചുഗൽ താരത്തിന്‍റെ ഫോട്ടോ അടങ്ങിയ കൂറ്റൻ ബോർഡുകൾ തലസ്ഥാന നഗരിയിലെ തെരുവുകളെ അലങ്കരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ഏഴിന് 25,000 ഇരിപ്പിട ശേഷിയുള്ള മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ (കിങ് സഊദ് സ്റ്റേഡിയം) വൻ സ്വീകരണമാണ് ഒരുക്കിയത്. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെയും റയൽ മാഡ്രിഡിന്‍റെയും താരത്തെ സൗദി കായികലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായിരുന്നു ഈ സ്വീകരണ പരിപാടി. സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ അൽ നസ്ർ ക്ലബ് മേധാവി മുസല്ലി അൽ-മുഅമ്മർ താരത്തെ അവതരിപ്പിച്ചു.

സൗദി പ്രോ-ലീഗിൽ മത്സരിക്കാൻ പര്യാപ്തനാണെന്ന് ഉറപ്പാക്കുന്ന ആരോഗ്യ പരിശോധനക്ക് വിധേയമായ ശേഷമായിരുന്നു സി.ആർ. സെവൻ സ്വീകരണ പരിപാടിക്കെത്തിയത്. സ്വീകരണ ചടങ്ങിലേക്ക് പ്രവേശനം കിട്ടാൻ ടിക്കറ്റിനായി വൻ തിരക്കായിരുന്നു. 15 റിയാലിന്‍റെ ടിക്കറ്റ് ഓൺലൈനിൽ ബുക്കിങ് ആരംഭിച്ച് ഏതാനും സമയത്തിനുള്ളിൽ വിറ്റുപോയി.ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ച മുഴുവൻ തുകയും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള സർക്കാറിന്‍റെ ഇഹ്സാൻ പ്ലാറ്റ്ഫോമിന് കൈമാറുമെന്ന് അൽനസ്ർ ക്ലബ് അറിയിച്ചു.

 അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ബാലൺ ഡി ഓർ’ അവാർഡ് നേടിയ താരം സൗദി ക്ലബിൽ എത്തിയത് സൗദി ജനതക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. ഒരു ടി.വി അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വിമർശിച്ചതിന് ശേഷം ആ ക്ലബ് വിട്ട റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ തുകക്കാണ് ഒമ്പത് തവണ സൗദി ലീഗ് ചാമ്പ്യൻമാരായ അൽ നസ്റിൽ ചേർന്നത്.

എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വീട് സജ്ജമാകുന്നത് വരെ താരവും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. റൊണാൾഡോയുടെ വരവിനെ ആഘോഷമാക്കുന്ന അൽ നസ്ർ ക്ലബിന്‍റെ ഭാവിക്കും രാജ്യത്തിനും റൊണാൾഡോയുടെ വരവ് പ്രചോദനമാകുമെന്ന് ക്ലബ് ഭാരവാഹികൾ അവകാശപ്പെട്ടു. അതിനിടെ അന്താരാഷ്ട്ര താരങ്ങളുമായി മികച്ച ഇടപാടുകൾക്ക് തങ്ങളുടെ മറ്റ് ക്ലബുകളെയും പ്രേരിപ്പിക്കുമെന്ന് സൗദി കായികമന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ട്വീറ്റ് ചെയ്തു.

 സൗദിയിലേക്കുള്ള വരവ് വലയി സന്തോഷം നൽകുന്നതായി റൊണാൾഡോ മർസൽ പാർക്ക്​ സ്​റ്റേഡിയത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫുട്‌ബാളിന് വേണ്ടി മാത്രമല്ല, സൗദിയിലെ യുവാക്കൾക്കും സ്ത്രീകൾക്കും വലിയ പുരോഗതി ഇനിയും നേടാനാകുമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. തന്റെ വരവ് ഫുട്‌ബാളിന് വേണ്ടി മാത്രമല്ല. കുടുംബം വലിയ സന്തോഷത്തിലാണ്. പ്രത്യേകിച്ചും മക്കൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു.

റിയാദിൽ ലഭിച്ച സ്വീകരണം വളരെ മഹത്തായതായിരുന്നു. സൗദിയിലേക്കുള്ള ക്ഷണം തനിക്കുള്ള ബഹുമാനമാണ്. സൗദി ഫുട്‌ബാൾ ടീം ലോകകപ്പിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സൗദി തോൽപ്പിച്ചത് ലോക ചാമ്പ്യൻമാരായ ടീമിനെയാണ്. എല്ലാ ടീമുകളും ഏറെ മുന്നൊരുക്കത്തോടെയാണ് ഇത്തവണ ലോകകപ്പിനെ സമീപിച്ചത്. ഞാനൊരു മികച്ച കളിക്കാരനായതുകൊണ്ടാണ് തന്റെ വരവിൽ എല്ലാവരും അഭിപ്രായം പറയുന്നത്. സൗദിയിലേക്ക് വന്നത് കളിക്കാനും വിജയിക്കാനുമാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

Tags:    
News Summary - The city of Riyadh welcomed Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.