ആകെ മൊത്തം മെസ്സി ഇഫക്ട്...!; അമേരിക്കയിലെങ്ങും സ്റ്റാറായി ഇന്റർമയാമി

ഫ്ലോറിഡ: ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിനെ അന്വർത്ഥമാക്കുന്നതാണ് ഇപ്പോൾ അമേരിക്കൻ സോക്കർ ക്ലബായ ഇന്റർ മയാമിയുടെ വളർച്ച. ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസ്സിയെ സ്വന്തമാക്കിയപ്പോൾ ബോണസായി കിട്ടിയത് ഒരുപിടി നേട്ടങ്ങളാണ്. സമൂഹിക മാധ്യമങ്ങളിൽ ഇന്റർ മയാമിയുടെ ഫോളോവേഴ്സിന്റെ എണ്ണം പത്തിരട്ടിയാണ് വർധിച്ചത്. ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. മെസ്സി വരുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 29 ഡോളറായിരുന്നു. ഇന്നത് 544 ഡോളറായി ഉയർന്നുവെന്ന് ഓൺലൈൻ മാർക്കറ്റ് സൈറ്റായ TickPick-വെളിപ്പെടുത്തുന്നു.

മെസ്സി പി.എസ്.ജി വിടുമ്പോൾ ഇന്റർ മിയാമിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഒരു ദശലക്ഷമായിരുന്നു. ഇന്നത്. 10 ദശലക്ഷത്തിലധികമായി വർധിച്ചിട്ടുണ്ട്. മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുണ്ടായിരുന്നത് എൽ.എ ഗ്യാലക്സി ക്ലബിനായിരുന്നു. 1.5 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണ് അവർക്ക് ഇപ്പോഴുമുള്ളത്. മെസ്സി പി.എസ്.ജി വിട്ടപ്പോൾ ഫ്രഞ്ച് ക്ലബിന് ഒരു ദശലക്ഷത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നഷ്ടപ്പെട്ടുവെന്ന രസകരമായ റിപ്പോർട്ടുണ്ട്.   


കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്റർമയാമി ക്ലബിന്‍റെ പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ ഫ്ലോറിഡയിലെ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകർക്കു മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്ലബിന്‍റെ പത്താം നമ്പർ പിങ്ക് ജഴ്സി ധരിച്ചു നിൽക്കുന്ന മെസ്സിയുടെ ചിത്രവും വിഡിയോയും ക്ലബ് ഔദ്യോഗികമായി അവരുടെ സമൂഹമാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ 5.30 ന് (ഇന്ത്യൻ സമയം) മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തിൽ മെസ്സി ഇന്റർ മയാമിക്കു വേണ്ടി അരങ്ങേറ്റം കുറിക്കും. രണ്ടര വർഷത്തേക്കാണ് മെസ്സി ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.

Tags:    
News Summary - The Messi Effect: Inter Miami get a boost on social media, stadium attendance and much more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.