റയൽ മാഡ്രിഡിൽനിന്ന് മാഞ്ചസ്റ്ററിലേക്കുള്ള തന്റെ കൂടുമാറ്റം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടല്ലെന്നും മറിച്ച് പുതിയ വെല്ലുവിളികൾ നേരിടുന്നതിനാണെന്നും ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറൊ. ''ഞാൻ പോകുന്നത് പണത്തിന് വേണ്ടിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് എന്നെ അറിയില്ല. റയൽ മാഡ്രിഡിൽ എട്ട് വർഷത്തിനുള്ളിൽ എനിക്ക് അഞ്ച് യൂറോപ്യൻ കപ്പുകൾ നേടാനായി. ഗ്രൗണ്ടിൽ ഞാൻ എപ്പോഴും സാധ്യമായതെല്ലാം ചെയ്തു എന്നതാണ് എന്റെ മൂല്യം. ഞാൻ എപ്പോഴും ഒരു റയൽ മാഡ്രിഡ് ആരാധകനായി തുടരും'' താരം പറഞ്ഞു.
ബ്രസീലിയൻ മിഡ്ഫീൽഡറെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക പങ്കുവഹിച്ചതായി അഭ്യൂഹമുണ്ടെങ്കിലും കാസമിറൊ അത് നിഷേധിച്ചു. "ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സംസാരിച്ചിട്ടില്ല. അദ്ദേഹം മാഞ്ചസ്റ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. റയൽ മാഡ്രിഡിൽനിന്ന് പഠിച്ചെടുത്ത കാര്യങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് കൂടെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രീമിയർ ലീഗ് ഉള്ളിൽനിന്ന് ആസ്വദിക്കണം. 30 വയസ്സുള്ളപ്പോൾ ഞാൻ എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷത്തിലാണ്. എനിക്കുള്ളതെല്ലാം ഞാൻ ആസ്വദിക്കുന്നു'', കാസെമിറൊ പറഞ്ഞു.
റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 18 കിരീടങ്ങളിൽ പങ്കാളിയായാണ് താരം റയലിന്റെ ജഴ്സിയഴിച്ചത്. കിരീട നേട്ടങ്ങളിൽ പങ്കാളിയായെങ്കിലും റയൽ മാഡ്രിഡിലെ കാലഘട്ടം മിഡ്ഫീൽഡർക്ക് അത്ര നല്ലതായിരുന്നില്ല. സൂപ്പർ താരനിരയുള്ള ടീമിൽ വേണ്ടത്ര അവസരം താരത്തിന് കിട്ടിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.