പെപ് ഗ്വാര്‍ഡിയോള ബാഴ്‌സ വിടാന്‍ കാരണം രണ്ട് സൂപ്പര്‍ താരങ്ങളുടെ പിടിവാശി!

ബാഴ്‌സലോണയും പെപ് ഗ്വാര്‍ഡിയോളയും പിരിഞ്ഞത് 2012ലാണ്. ഫുട്‌ബാള്‍ ആരാധകര്‍ ആഗ്രഹിക്കാത്ത വേര്‍പിരിയലായിരുന്നു അത്. അതേസമയം, യൂറോപ്പിലും സ്പാനിഷ് ലാ ലിഗയിലും ബാഴ്‌സലോണയുടെ മുഖ്യ എതിരാളികളായവര്‍ ഈ വേര്‍പിരിയല്‍ ശരിക്കും ആഘോഷിച്ചു കാണും! ബാഴ്‌സലോണയുടെ ബി ടീമിനെ പരിശീലിപ്പിച്ചിരുന്ന പെപ് ഗ്വാര്‍ഡിയോള സീനിയര്‍ ടീമിനൊപ്പം ട്രോഫികള്‍ വാരിക്കൂട്ടുകയായിരുന്നല്ലോ. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ട് തവണ, സ്പാനിഷ് ലാലിഗ മൂന്ന് തവണ, ക്ലബ് ലോകകപ്പ്, സ്പാനിഷ് കപ്പുകള്‍ എന്നിങ്ങനെ ഗ്വാര്‍ഡിയോള യുഗത്തില്‍ ബാഴ്‌സ കയറിയ ഉയരം ആരെയും അസൂയപ്പെടുത്തും.

ഒടുവില്‍, അപ്രതീക്ഷിതമായി അദ്ദേഹം ക്ഷീണം മാറ്റാന്‍ ചെറിയൊരു ഇടവേളയെടുക്കുന്നു എന്ന് പറഞ്ഞ് ബാഴ്‌സലോണ വിടുകയാണുണ്ടായത്. ഒരു വര്‍ഷം കഴിഞ്ഞ്, ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇത്രയേറെ ട്രോഫികള്‍ നേടിക്കൊടുത്ത പരിശീലകനെ ബാഴ്‌സലോണ എന്തിനാണ് കൈവിട്ടത്? ഇനിയും കിരീടങ്ങള്‍ വാരിക്കൂട്ടാന്‍ സാധ്യതയുള്ള ടീമിനെ മുന്‍ ബാഴ്‌സ താരം കൂടിയായ പെപ് എന്തിനാണ് ഉപേക്ഷിച്ചത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്നത്, പെപ് ഗ്വാര്‍ഡിയോള ബാഴ്‌സ വിടാന്‍ കാരണം ടീമിനുള്ളിലെ ആഭ്യന്തര പിണക്കങ്ങളായിരുന്നെന്നതാണ്.

പെപ് ഗ്വാര്‍ഡിയോള എന്ന പരിശീലകനാണോ ബാഴ്‌സയുടെ കളിക്കാരാണോ മികച്ചത് എന്ന വാദം ടീമിനുള്ളില്‍ ഉയര്‍ന്നു. എല്ലാ ക്രെഡിറ്റും സ്വന്തമാക്കാന്‍ ശ്രമിച്ച കോച്ചിനോട് കളിക്കാര്‍ക്ക് നീരസമുണ്ടായി. പ്രത്യേകിച്ച് മെസിക്കും ജെറാര്‍ഡ് പിക്വെക്കും. ഗ്വാര്‍ഡിയോള പരിശീലകനായി തുടരുകയാണെങ്കില്‍ ഇരുവരും ടീം വിടുമെന്ന് ഭീഷണി മുഴക്കിയെന്നും ഇതോടെ, മാനേജ്‌മെന്റ് ഗ്വാര്‍ഡിയോളയെ കൈവിട്ടെന്നുമാണ് മാഡ്രിഡ്-ബാഴ്‌സലോണ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അദ്ദേഹം ബാഴ്‌സ വിട്ട ശേഷവും മെസ്സിയും സംഘവും ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി. ഗ്വാര്‍ഡിയോളക്കാകട്ടെ, ബാഴ്‌സ വിട്ട ശേഷം ഇതുവരെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെമിയിലെത്തിച്ച ഗ്വാര്‍ഡിയോളക്ക് വലിയ നിരാശ 2020-21 സീസണില്‍ ചെല്‍സിയോട് ഫൈനലില്‍ പരാജയപ്പെട്ടതാണ്.

Tags:    
News Summary - The reason why Pep Guardiola left Barcelona is the stubbornness of two superstars!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.