മയാമി: ഇന്റർ മയാമിയിലെ കരിയറോടെ കളി അവസാനിപ്പിക്കുമെന്ന സൂചന നൽകി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. അതേസമയം, എന്ന് വിരമിക്കുമെന്ന് താരം വെളിപ്പെടുത്തുന്നില്ല. 2025 വരെയാണ് മയാമിയുമായി മെസ്സിക്ക് കരാറുള്ളത്.
‘ഇതെന്റെ അവസാന ക്ലബായിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഞാൻ ഫുട്ബാൾ ഉപേക്ഷിക്കാൻ തയാറല്ല. യൂറോപ്പ് വിട്ട് ഇവിടെയെത്തുന്നത് ബുദ്ധിമുട്ടുള്ള നീക്കമായിരുന്നു. ലോക ചാമ്പ്യൻ എന്ന വസ്തുത കാര്യങ്ങൾ വ്യത്യസ്തമായി കാണാൻ വളരെയധികം സഹായിച്ചു. എനിക്ക് ഫുട്ബാൾ കളിക്കാൻ ഇഷ്ടമാണ്. എല്ലാ ദിവസവും പരിശീലനം ഞാൻ ആസ്വദിക്കുന്നു. എന്നാൽ, എല്ലാം അവസാനിക്കുമെന്ന ചെറിയ ഭയവും ഉണ്ട്. അതുകൊണ്ടാണ് ഞാൻ എല്ലാം കൂടുതൽ ആസ്വദിക്കുന്നത്. മുന്നോട്ട് പോകാനുള്ള വഴികൾ കുറവാണെന്നും ക്ലബിൽ എനിക്ക് നല്ല സമയം ഉണ്ടെന്നും ഞാൻ കരുതുന്നു’ -ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
ഈ സീസണിൽ മേജർ ലീഗിൽ 12 മത്സരങ്ങളിൽ 12 ഗോളും 13 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്റർ മയാമി.
എട്ട് തവണ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ നേടിയ മെസ്സി കഴിഞ്ഞ സീസണിലാണ് പാരിസ് സെന്റ് ജെർമെയ്ൻ വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലെത്തിയത്. ബാഴ്സലോണക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും 10 ലാലിഗ കിരീട നേട്ടത്തിലും പങ്കാളിയായ മെസ്സി അർജന്റീനയെ 2021ൽ കോപ അമേരിക്കയിലും 2022ൽ ലോകകപ്പിലും കിരീടത്തിലേക്ക് നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.