മഞ്ചേരി: സന്തോഷ് ട്രോഫിയിൽ കർണാടകയെ കെട്ടുകെട്ടിച്ച് കേരളം ഫൈനലുറപ്പിച്ചത് മലപ്പുറം താരങ്ങളുടെ മികവിൽ. കേരളത്തിനായി ഏഴ് ഗോളടിച്ചത് ജില്ലയിൽനിന്നുള്ള മൂന്ന് താരങ്ങൾ ആയിരുന്നു. പതിവുപോലെ കേരളത്തിന്‍റെ ഗോളടി യന്ത്രം ടി.കെ. ജെസിൻ അഞ്ച് ഗോളുകളുമായി മുന്നിൽനിന്ന് നയിച്ചു. തൃക്കലങ്ങോട് സ്വദേശി അർജുൻ ജയരാജും വളാഞ്ചേരി സ്വദേശി ഷിഗിലും ഓരോ ഗോളുമായി കർണാടകയെ വിറപ്പിച്ചു. ജെസിന്‍റെ വേഗത്തിന് മുന്നിൽ കർണാടകൻ പ്രതിരോധം ഛിന്നഭിന്നമായി. സ്വന്തം ഹാഫിൽ നിന്നു പോലും പന്തുമായി ഒറ്റക്ക് കുതിച്ച ജെസിൻ കർണാടക വലയിൽ ഗോൾ നിറച്ചുകൊണ്ടേയിരുന്നു. ഇടങ്കാലിൽ ഒളിപ്പിച്ചുവെച്ച ജെസിന്‍റെ മാന്ത്രികത മൈതാനത്ത് പലതവണ കണ്ടു. ടീമിന്‍റെ സൂപ്പർ സബ് താൻ തന്നെയെന്ന് ഉറപ്പിക്കും വിധമായിരുന്നു ഓരോ ഗോളുകളും.
നേരത്തേ ബംഗാളിനെതിരെ ഒരു ഗോളടിച്ചിരുന്ന ജെസിൻ കർണാടകക്കെതിരെ അഞ്ചടിച്ച് ഗോൾ ടോപ് സ്കോറർ പദവിയിലേക്കും മുന്നേറ്റം നടത്തി. അഞ്ച് ഗോളുകളുമായി ക്യാപ്റ്റൻ ജിജോ ജോസഫും തൊട്ടുപിന്നാലെയുണ്ട്. അർജന്‍റീനൻ ഇതിഹാസം മെസിയെ ആരാധിക്കുന്ന ജെസിൻ പത്താം നമ്പർ ജഴ്‌സിയിൽ ആറാടി. സന്തോഷ് ട്രോഫിയിലേക്ക് അഞ്ച് ക്യാപ്റ്റന്മാരെയും 29 താരങ്ങളെയും സമ്മാനിച്ച പന്തുകളിയുടെ സർവകലാശാലയായ മമ്പാട് എം.ഇ.എസ് കോളജിൽനിന്നാണ് ജെസിന്‍റെ വരവ്. മൂന്നാം വർഷ ബി.എ അറബിക് വിദ്യാർഥിയാണ്. നിലമ്പൂർ സ്വദേശിയായ ജെസിൻ കേരള യുനൈറ്റഡ് എഫ്.സി താരമാണ്. സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിലും മൂന്ന് ഗോൾ നേടി മികവു തെളിയിച്ചിട്ടുണ്ട്.
വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ ഷിഗിൽ ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോൾ നേടിയത്. വലതു വിങ്ങിലൂടെ കര്‍ണാടകന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടിയ അവസരം ഷിഗില്‍ ഗോളാക്കി മാറ്റുകയായിരുന്നു. കേരളത്തിന്‍റെ നാലാം ഗോളാണ് ഷിഗിൽ നേടിയത്. തൃക്കലങ്ങോട് സ്വദേശിയായ അർജുൻ ജയരാജ് 61ാം മിനിറ്റിലാണ് ഗോൾവല കുലുക്കിയത്. വലതു വിങ്ങില്‍നിന്ന് അര്‍ജുന്‍ നല്‍കിയ ക്രോസ് കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്‍റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. ജില്ലയിലെ താരങ്ങളുടെ മികവിൽ കേരളം ഫൈനലിലേക്ക് കുതിച്ചതോടെ മേയ് രണ്ടിന് കലാശപ്പോരിൽ ജില്ലയുടെ ആരവം ഗാലറിയിൽ നിറയുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.