സെവിയ്യ (സ്പെയിൻ): യുവേഫ യൂറോപ ലീഗിൽ ബുധനാഴ്ച കലാശപ്പോര്. കിരീടത്തിനായി പതിറ്റാണ്ടുകൾ കാത്തിരുന്ന രണ്ട് ടീമുകൾ, എയ്ൻട്രാറ്റ് ഫ്രാങ്ക്ഫുർട്ടും റേഞ്ചേഴ്സും തമ്മിലാണ് സെവിയ്യയിൽ ഏറ്റുമുട്ടുന്നത്. സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് 1972ലാണ് അവസാനം കപ്പടിച്ചത്. 2008ൽ ഫൈനലിലെത്തിയിരുന്നെങ്കിലും സെനിത്ത് സെന്റ് പീറ്റേഴ്സ് ബർഗിനോട് തോറ്റു. ജർമൻ ക്ലബായ ഫ്രാങ്ക്ഫുർട്ട് 1980ൽ ബൊറൂസിയ മോൻഷെൻഗ്ലാദ്ബാഷിനെ പരാജയപ്പെടുത്തി കിരീടം നേടിയതിന് ശേഷം ഫൈനൽ കളിക്കാൻ പോവുന്നത് ഇപ്പോഴാണ്. യൂറോപ ലീഗിലെ വിജയികൾക്ക് ചാമ്പ്യൻസ് ലീഗ് ടിക്കറ്റും ലഭിക്കും.
രണ്ട് പാദങ്ങളിലായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ വെസ്റ്റ് ഹാം യുനൈറ്റഡിനെ (ആകെ സ്കോർ 3-1) കീഴ്പ്പെടുത്തി ഫ്രാങ്ക്ഫുർട്ടും ആർ.ബി ലെയ്പ്സിഗിനെ വീഴ്ത്തി (ആകെ സ്കോർ 3-2) തോൽപിച്ച് റേഞ്ചേഴ്സും കലാശക്കളിക്ക് യോഗ്യരായി. 1960ലെ യൂറോപ്യൻ കപ്പ് സെമി ഫൈനലിലാണ് റേഞ്ചേഴ്സും ഫ്രാങ്ക്ഫർട്ടും ഒടുവിൽ നേരിട്ട് മുട്ടിയത്. ഓരോ പാദത്തിലും ആറ് വീതം ഗോൾ വഴങ്ങി ദയനീയമായി പരാജയപ്പെട്ടു റേഞ്ചേഴ്സ്. ഫൈനലിൽ പക്ഷേ, ഫ്രാങ്ക്ഫുർട്ട് റയൽ മഡ്രിഡിനോട് 3-7നും വീണു. പതിനായിരക്കണക്കിന് ആരാധകരുള്ള ക്ലബുകളാണ് ഫ്രാങ്ക്ഫുർട്ടും റേഞ്ചേഴ്സും. മത്സരം കാണാൻ ഇവർ ഒഴുകിയെത്തും. അനുഭവങ്ങൾ മുൻനിർത്തി സെവിയ്യയിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.