ലാസ് വെഗാസ് (യു.എസ്.എ): ആദ്യകളിയിൽ ദുർബലരായ കോസ്റ്ററീക്കക്കെതിരെ ഗോളില്ലാ സമനില കുരുങ്ങിയ ബ്രസീലിന് കോപ അമേരിക്ക ഡി ഗ്രൂപ്പിൽ നാളെ മരണക്കളി. പരഗ്വേയാണ് മഞ്ഞപ്പടയുടെ എതിരാളികൾ.
കൊളംബിയയോട് 2-1ന് തോറ്റാണ് പരഗ്വേയുടെ വരവ്. കോസ്റ്ററീക്കയുടെ അതേ തന്ത്രമാകും പരഗ്വേയും ബ്രസീലിനെതിരെ പയറ്റുക. ഗോളടിച്ചില്ലെങ്കിലും എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയെന്ന തന്ത്രം. എന്നാൽ, ജയം മാത്രം ലക്ഷ്യമുള്ള ബ്രസീലിന് മുൻനിര പതിവ് ഫോമിലേത്തിയാൽ പരഗ്വേയെ എളുപ്പം മറികടക്കാം. വിനീഷ്യസ് ജൂനിയറും റോഡ്രിഗ്വോയും താളം കണ്ടെത്തിയാൽ എതിർ പ്രതിരോധം വിറയ്ക്കും.
കോസ്റ്ററീക്കക്കെതിരെ നിരവധി അവസരങ്ങളാണ് ബ്രസീൽ നഷ്ടമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ ലുകാസ് പക്വേറ്റ മാത്രം അഞ്ച് അവസരം പാഴാക്കി. ഇതിലൊരു ഷോട്ട് പോസ്റ്റിലിടിച്ചാണ് പോയത്. റയൽമഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ വിനീഷ്യസ് ജൂനിയർ ക്ലബ് ഫുട്ബാളിലെ ഫോം സ്വന്തം രാജ്യത്തിനായി പുറത്തെടുക്കുന്നില്ല. കോസ്റ്ററീക്കക്കെതിരെ 70ാം മിനിറ്റിൽ കോച്ച് ഡോറിവൽ വിനീഷ്യസിനെ തിരിച്ചുവിളിക്കുകയായിരുന്നു.
കോസ്റ്ററീക്കക്കെതിരായ ഗോൾരഹിത സമനിലയിൽ പൊതുവേ ശാന്തസ്വഭാവക്കാരനായ ക്യാപ്റ്റൻ ഡാനിലോക്ക് വരെ നിയന്ത്രണം നഷ്ടമായിരുന്നു. കഴിഞ്ഞ കളിയിലെ ഇലവനെ കോച്ച് മാറ്റാനിടയില്ല. കൗമാര സൂപ്പർ താരം എൻഡ്രികിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി മുന്നേറ്റനിര ശക്തമാക്കണമെന്ന് ബ്രസീലിലെ മാധ്യമങ്ങളും ആരാധകരും ആവശ്യപ്പെട്ടിരുന്നു. പകരക്കാരനായി ഇറങ്ങിയ എൻഡ്രികിനും കഴിഞ്ഞ കളി നിരാശയുടേതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.