സന്തോഷ് ട്രോഫി കലാശപ്പോരാട്ടത്തിൽ പശ്ചിമ ബംഗാളിനെ തോൽപിച്ചാണ് കേരളം കിരീടം ചൂടിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്‍റെ ജയം (5-4).
മലപ്പുറം ജില്ല ഇത്രയും വലിയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയതും ആദ്യമായിരുന്നു. പയ്യനാട് സ്റ്റേഡിയത്തിലെ ഗാലറികൾ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനാവാതെ വീർപ്പുമുട്ടി. രാജ്യത്തെ ഫുട്ബാളിന് വലിയ പ്രതീക്ഷകൾ നൽകി പുതിയ താരോദയങ്ങൾക്കും സന്തോഷ് ട്രോഫിയുടെ 75ാം പതിപ്പ് സാക്ഷിയായി. ഇതിൽ മലയാളികൾ ഉൾപ്പെടെ പലരെയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.എസ്.എൽ) ക്ലബുകൾ റാഞ്ചിയെടുത്തു.
മറ്റു പലരും കബ്ലുകളുമായുള്ള അവസാനവട്ട ചർച്ചയിലാണ്. ഇതിനകം ഐ.എസ്.എൽ ക്ലബുകളുമായി കരാർ ഒപ്പിട്ട അഞ്ചു പ്രമുഖ താരങ്ങളെ ഇവിടെ പരിചയപ്പെടാം;
സന്തോഷ് ട്രോഫിയിൽ കർണാടക ടീമിന്‍റെ നെടുംതൂണായിരുന്നു അങ്കിത് പത്മനാഭൻ. സെമി ഫൈനലിൽ കേരളത്തോട് തോറ്റാണ് അവർ പുറത്തായത്. ജന്മനാട്ടിലെ ക്ലബായ ബംഗളൂരു എഫ്.സിയാണ് താരവുമായി മൂന്നു വർഷത്തെ കരാറിൽ എത്തിയത്.
ടൂർണമെന്‍റിലെ പ്രകടനത്തിൽ ആകൃഷ്ടരായാണ് ക്ലബ് താരത്തെ സ്വന്തമാക്കിയത്. യങ് ചലഞ്ചേഴ്സ് എഫ്.സി, ഓസോൺ എഫ്.സി ബംഗളൂരു, അടുത്തിടെ ബി.ഡി.എഫ്.എ സൂപ്പർ ലീഗിൽ കിക്ക് സ്റ്റാർട്ട് എഫ്.സി എന്നീ ടീമുകൾക്കുവേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. സമർഥനും ഊർജസ്വലനുമായ സ്ട്രൈക്കർ നീല കുപ്പായക്കരുടെ യുവജന വികസന പരിപാടിയുടെ ഭാഗവുമാണ്.
ഈ പരിചയവും ബി.ഡി.എഫ്.എ സൂപ്പർ ലീഗിലെ എട്ട് മത്സരങ്ങളിൽനിന്ന് നേടിയ ആറ് ഗോളുകളുമാണ് താരത്തിന് ഐ.എസ്.എൽ ക്ലബിലേക്കുള്ള വഴി എളുപ്പമാക്കിയത്.
യൂത്ത് ടീമിലെയും സന്തോഷ് ട്രോഫിയിലെയും പ്രകടനമാണ് മിഡ്ഫീൽഡറായ സുജിത്ത് സിങ്ങിനെ ഈസ്റ്റ് ബംഗാളിലെത്തിച്ചത്. 18കാരന്‍റെ ചിറകിലേറിയാണ് സന്തോഷ് ട്രോഫിയിൽ ബംഗാൾ ഫൈനലിലെത്തിയത്. ചടുല നീക്കങ്ങൾ നടത്താനും മധ്യനിരയിൽ വിള്ളലുകൾ സൃഷ്ടിച്ച് എതിർപ്പാളയത്തിലേക്ക് ഇരച്ചുകയറാനും താരത്തിന് അസാമാന്യ കഴിവുണ്ട്.
എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ സിങ് മികച്ച കളി പുറത്തെടുക്കുകയും ഒരു ഗോളും നേടുകയും ചെയ്തു. ഇന്ത്യയുടെ അണ്ടർ-20 ടീമിലും കളിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച സാഫ് അണ്ടർ -20 ചാമ്പ്യൻഷിപ്പിലും ഇടം നേടി.
കേരളത്തിനായി സന്തോഷ് ട്രോഫിയിൽ തിളങ്ങിയ താരമാണ് ഡിഫൻഡർ സോയൽ ജോഷി. രണ്ടാമത്തെ മലയാളി താരത്തെയാണ് ടീം ക്ലബിലെത്തിക്കുന്നത്. 2025വരെയുള്ള കരാറിലാണ് സോയൽ ടീമിനൊപ്പം ചേരുന്നത്. എറണാകുളം തൈക്കൂടം സ്വദേശിയായ സോയൽ കഴിഞ്ഞ കെ.പി.എല്ലിൽ ഗോൾഡൻ ത്രഡ് എഫ്.സിക്കുവേണ്ടിയാണ് കളിച്ചത്. അവരെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ താരത്തിന് വലിയ പങ്കുണ്ടായിരുന്നു.
കെ.പി.എല്ലിലെ മികച്ച പ്രകടനമായിരുന്നു സന്തോഷ് ട്രോഫി ടീമിലേക്ക് സോയലിന് വഴിതുറന്ന് കൊടുത്തത്. ടൂർണമെന്‍റിൽ രണ്ടു ഗോളുകൾ നേടി. മികച്ച മുന്നേറ്റങ്ങളും നടത്തി. സന്തോഷ് ട്രോഫിയിലെ പ്രകടനമാണ് ഇപ്പോൾ ഐ.എസ്.എല്ലിലേക്ക് താരത്തെ എത്തിച്ചത്. എറണാകുളം മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയാണ് സോയൽ ജോഷി. ഐ.എസ്.എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനൊപ്പം ചേർന്നതിൽ താരവും വലിയ സന്തോഷത്തിലാണ്.
സുധീർ കൊട്ടികേലയിലൂടെ രണ്ടാമതൊരു നാട്ടുകാരനെ കൂടി ടീമിലെത്തിച്ചിരിക്കുകയാണ് ബംഗളൂരു എഫ്.സി. ആഷിഖ് കുരുണിയൻ, ക്ലീറ്റൺ സിൽവ ക്ലബ് വിട്ടതോടെ യുവത്വവും പരിചയസമ്പത്തും നിറഞ്ഞ ഒരാളെ ടീമിൽ എത്തിക്കേണ്ടത് പ്രധാനമായിരുന്നു.
അങ്ങനെയാണ് രണ്ട് വർഷത്തെ കരാറിൽ മുന്നേറ്റ താരവുമായി കരാറിലെത്തുന്നത്. 2020-21 ബി.ഡി.എഫ്.എ സൂപ്പർ ഡിവിഷൻ ലീഗിൽ കിക്ക്‌സ്റ്റാർട്ട് എഫ്.സിക്ക് വേണ്ടി ഒമ്പത് ഗോളുകളുമായി ഹുബ്ബള്ളി സ്വദേശിയായ കൊട്ടികേല മികച്ച പ്രകടനം നടത്തി. സന്തോഷ് ട്രോഫിയിൽ എട്ട് ഗോളുകളുമായി കർണാടകയുടെ കുന്തമുനയായിരുന്നു. ആഗസ്റ്റ് 11ന് പുട്ടയ്യ മെമോറിയൽ കപ്പിൽ പൊഡാഗു എഫ്.സിക്കെതിരായ മത്സരത്തിലാണ് ആദ്യ അരങ്ങേറ്റം.
സന്തോഷ് ട്രോഫിയിൽ ബംഗാളിനെ ഫൈനലിലെത്തിക്കുന്നതിൽ നായകാനായ മനതോഷ് ചക്ലദാറിന്‍റെ പങ്ക് നിർണായകമായിരുന്നു. ഉയരം മുതലെടുത്ത് കളിക്കുന്ന താരം. സെറ്റ്പീസുകളിലെ അപകടം ഒഴിവാക്കുന്നതിൽ 24കാരന് പ്രത്യേക മികവ്.
ഗോകുലം, ഈസ്റ്റ് ബംഗാൾ ടീമുകൾക്കായി കളിച്ച അനുഭവ സമ്പത്തുമായാണ് ഐ.എസ്.എല്ലിൽ രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയുമായി കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.