മാസം തികയും മുമ്പ് രണ്ടാമത്തെ കോച്ചും പുറത്ത്; നാഥനില്ലാ കളരിയായി, ആടിയുലഞ്ഞ് ടോട്ടൻഹാം

നിയമിതനായി ഒരു മാസം തികക്കുംമുമ്പ് ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെയും പറഞ്ഞയ​ച്ചതോടെ പ്രിമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്സ്പറിൽ സമ്പൂർണ അനിശ്ചിതത്വം. ഞായറാഴ്ച ന്യുകാസിലിനോട് 6-1ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു നാലു കളികളിൽ മാത്രം ടീമിനെ നയിച്ച ഇടക്കാല പരിശീലകനെ പറഞ്ഞുവിട്ടത്. സ്റ്റെല്ലിനിക്കൊപ്പം സഹപരിശീലകനായുണ്ടായിരുന്ന റിയാൻ മേസണ് താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ന്യൂകാസിലിനെതിരെ ഉടനീളം ദയനീയ പ്രകടനവുമായാണ് ടീം നാണം കെട്ടത്. ​രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ വീണ ടോട്ടൻഹാം 21 മിനിറ്റിനിടെ വാങ്ങിക്കൂട്ടിയത് അഞ്ചെണ്ണം. അതോടെ, ഗോളടി നിർത്തി എതിരാളികൾ മാന്യത കാട്ടിയ പോലെയായി സെന്റ് ജെയിംസ് മൈതാനത്തെ പ്രകടനം. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഇനിയും സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇതേ പ്രകടനവുമായി ടീമിന് എങ്ങുമെത്താനാകില്ലെന്നതാണ് സ്ഥിതി. ജയത്തോടെ ന്യുകാസിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും കരുത്തുകാട്ടിയാൽ ടോട്ടൻഹാം യൂറോപിന്റെ പോരിൽ യോഗ്യതയില്ലാതെ പുറത്താകും.

മുൻനിര ടീമുകളിൽ ഒന്നിനെയും പരിശീലിപ്പിക്കാത്തവനെന്ന ട്രാക്ക് റെക്കോഡുമായാണ് ക്രിസ്റ്റ്യൻ സ്റ്റെല്ലിനി ഹോട്സ്റിൽ പരിശീലകക്കുപ്പായമണിഞ്ഞിരുന്നത്. പിൻനിരയിൽ നാലു പേരെന്ന പുതിയ ഫോർമേഷൻ പരീക്ഷിച്ച കോച്ചിന്റെ പ്രതിരോധ സ്വപ്നങ്ങൾ സമ്പൂർണമായി തകർന്നതോടെ ആദ്യ 10 മിനിറ്റിനിടെ മൂന്നുവട്ടം വല കുലുങ്ങി. ദീർഘമായ പാസുകളിൽ എന്നും എതിരാളികളെ ഞെട്ടിക്കാറുള്ള ന്യൂകാസിൽ അതിവേഗം പന്ത് എതിർ പെനാൽറ്റി ബോക്സിലെത്തിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ എതിരാളികളുടെ നെഞ്ചുതുളച്ചാണ് ഓരോ ഗോളും വലക്കണ്ണികൾ തുളച്ചത്.

ടോട്ടൻഹാമിൽ എന്നും ആവേശം പകരാറുള്ള ഹാരി കെയിൻ കഴിഞ്ഞ ദിവസവും ഗോൾ കണ്ടെത്തിയത് മാത്രമായിരുന്നു നേരിയ ആശ്വാസം. എന്നാൽ, സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരം മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്ന സംശയവും ബലപ്പെടുകയാണ്. 11ാം വയസ്സിൽ ക്ലബിനൊപ്പം ചേർന്ന താരത്തിന് 30 ആണ് പ്രായം. ഇതുവരെയും ഒരു തവണ പോലും ഒരു ട്രോഫിയിൽ മുത്തമിടാനായിട്ടില്ലെന്ന ആധി തീർക്കാൻ കൂടുമാറ്റം അനിവാര്യമാണെന്നതാണ് സ്ഥിതി. അതുകൂടിയായാൽ ടീമിൽ പരിശീലകനെ മാത്രമല്ല, താരങ്ങളെയും പുതിയത് ​തേടേണ്ടിവരും. ഹാരി കെയിൻ, ബുണ്ടസ് ലിഗ കരുത്തരായ ബയേൺ മ്യൂണിക്കിലെത്തുമെന്നാണ് സൂചന. 

Tags:    
News Summary - Tottenham sack interim manager after Newcastle thrashing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.