വ​ള​ന്റി​യ​ർ ട്രെ​യി​നി​ങ്​ സെൻറ​റി​​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി പ​യ​നി​യ​ർ വ​ള​ന്റി​യ​ർ സം​ഘം

വാർറൂമിൽ പരിശീലനം തകൃതി

ദോഹ: ലോകകപ്പ് വേദിയുടെ ബഹളങ്ങളിൽനിന്ന് മാറി 14 കിലോമീറ്റർ അകലെ കതാറ സാംസ്കാരികകേന്ദ്രത്തോട് ചേർന്ന ദോഹ എക്സിബിഷൻ സെൻറർ. ഇവിടെയാണ് ലോകകപ്പിനെ സുന്ദരമാക്കുന്ന പടയാളികൾ സജ്ജമാവുന്നത്.

കാണികളെ സ്വീകരിക്കുന്ന രണ്ടു വിമാനത്താവളങ്ങൾ മുതൽ കിലോമീറ്ററുകൾ അകലെ അബുസംറ അതിർത്തികളിലും സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, ദോഹ കോർണിഷ്, മെട്രോ-ബസ് ഗതാഗത സംവിധാനങ്ങൾ, റോഡുകൾ തുടങ്ങി വിവിധ മേഖലകളിലേക്ക് സജ്ജമാവുന്ന വളന്റിയർ സംഘങ്ങളെ തേച്ചു മിനുക്കുന്ന തിരക്കിലാണ് ലോകകപ്പിന്റെ വളന്റിയർ സെൻററായി മാറിയ 'ഡി.ഇ.സി'.

കഴിഞ്ഞ ആഗസ്റ്റുവരെ ഇവിടെ വളന്റിയർ തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. ഇപ്പോൾ, മൂന്നാഴ്ചയിലേറെയായി തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർക്ക് പരിശീലനം നൽകി ദൗത്യനിർവഹണത്തിന് പാകപ്പെടുത്തുകയാണിപ്പോൾ.

ഫുട്ബാളിനെ നെഞ്ചോട് ചേർത്ത്, ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമാവാൻ ഇറങ്ങിപ്പുറപ്പെട്ട 20,000ത്തോളം പേരാണ് വളന്റിയർമാരാവാൻ ഒരുങ്ങുന്നത്. അവരിൽ 16,000ത്തോളം പേർ ഖത്തറിൽനിന്നുള്ളവരാണ്. നാലായിരത്തിലേറെ പേർ വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും.

വളന്റിയർ സേവനത്തിലെ സജീവ മലയാളി പങ്കാളിത്തമാണ് ഇത്തവണ ലോകകപ്പിനെ കേരളീയർക്ക് വിശേഷപ്പെട്ടതാക്കുന്നത്. ഖത്തറിൽ പ്രവാസികളായ രണ്ടായിരത്തിനടുത്ത് ഇന്ത്യക്കാർ വളന്റിയർമാരായുണ്ട്. അവരിൽ ആയിരത്തിലേറെ പേരും മലയാളികളാണ്.

സ്റ്റേഡിയത്തിലെയും പരിസരങ്ങളിലെയും സ്പെക്ടേറ്റർ സർവിസ്, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി, അക്രഡിറ്റേഷൻ കേന്ദ്രങ്ങൾ, ഫാൻസോൺ-ഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് വളന്റിയർമാർക്ക് ജോലി നിശ്ചയിച്ചത്.

ഇവർക്ക് അനുവദിച്ച ജോലിയുടെ സ്വഭാവമനുസരിച്ച് പരിശീലനം നൽകുന്നത് അന്താരാഷ്ട്ര പരിചയമുള്ള പരിശീലകർ. ഫിഫ ട്രെയിനർമാർക്ക് പിന്തുണയുമായി പയനിയർ വളന്റിയർമാരുമുണ്ട്.

30ഓളം പേരുടെ പയനിയർ വളന്റിയർ ടീമിൽ 15 പേർ മലയാളികളാണ്. ഇതിനകം 6000ത്തോളം വളന്റിയർമാർ പരിശീലനം പൂർത്തിയാക്കി ജോലിക്ക് സജ്ജമായി കഴിഞ്ഞു. ഒക്ടോബർ 30ഓടെ 20,000 പേരുടെയും പരിശീലനം കഴിയും. 

Tags:    
News Summary - Training in the warroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.