ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി (പാരിസ് സെൻറ് ജെർമൈൻ)-ഇസ്താംബൂൾ ബസക്സഹിർ മത്സരത്തിനിടെ ഉയർന്ന വംശീയാധിക്ഷേപ ആരോപണത്തിൽ പ്രതികരണവുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ച് ആദ്യം ബസക്സഹിർ താരങ്ങളും പിന്നീട് പി.എസ്.ജി താരങ്ങളും ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയതിെന തുടർന്ന് മത്സരം മാറ്റിവെച്ചിരുന്നു.
''ബസക്സഹിറർ സ്റ്റാഫ് പിയറെ വെബോവിനെതിരായ വംശീയാധിക്ഷേപത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. യുവേഫ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്'' -ഉർദുഗാൻ ട്വീറ്റ് ചെയ്തു.
കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ബസക്സഹിറിെൻറ കാമറൂൺ സ്വദേശിയായ അസിസ്റ്റൻറ് കോച്ച് പിയറെ വെബോവിനെതിരെ നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. 13ാം മിനിറ്റിൽ പി.എസ്.ജി നടത്തിയ ഒരു ഫൗളിൽ റഫറിയെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധിച്ച വെബോവിന് കോൾടെസ്ക്യു ചുവപ്പ് കാർഡ് കാണിച്ചിരുന്നു. അതോടൊപ്പം കോൾടെസ്ക്യു വംശീയാധിക്ഷേപവും നടത്തിയെന്നാണ് വെബോവ് പറയുന്നത്.
ഇതിൽ പ്രതിഷേധിച്ച് കളം വിട്ട ബസക്സഹിർ താരങ്ങൾ പത്ത് മിനിറ്റോളം കോച്ച് ഒവിഡ്യു ഹാറ്റഗനുമായി ചർച്ച നടത്തിയ ശേഷം കളി ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഫുട്ബാളിൽ വംശീയ അധിക്ഷേപത്തിന് സ്ഥാനമില്ലെന്നും യുവേഫ പ്രതികരിച്ചു. രണ്ട് ക്ലബുകളുമായും ചർച്ച നടത്തിയ യുവേഫ അധികൃതർ ബാക്കി സമയത്തെ മത്സരം പുതിയ മാച്ച് ഒഫീഷ്യലുകളെ ഉൾപ്പെടുത്തി ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.55ന് നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.