ദുബൈ: ഖത്തർ ലോകകപ്പിന് ടിക്കറ്റെടുക്കാമെന്ന പ്രതീക്ഷയിൽ യോഗ്യത റൗണ്ടിന് വീണ്ടുമൊരുങ്ങി യു.എ.ഇ. വ്യാഴാഴ്ച ദുബൈ അൽ നാസർ ക്ലബ്ബിലെ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിറിയയാണ് എതിരാളികൾ. ഏഷ്യൻ ക്വാളിഫയറിലാണ് ദുബൈയും സിറിയയും ഏറ്റുമുട്ടുന്നത്. സ്വന്തം തട്ടകത്തിൽ തട്ടുപൊളിപ്പൻ പ്രകടനം നടത്തുന്ന യു.എ.ഇക്ക് തന്നെയാണ് സാധ്യത. കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
എ ഗ്രൂപ്പിൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന യു.എ.ഇക്ക് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. ആറ് മത്സരത്തിൽ ഒരു ജയവും രണ്ട് തോൽവിയും മൂന്ന് സമനിലയുമാണ് യു.എ.ഇയുടെ സമ്പാദ്യം. 16 പോയന്റുമായി ഇറാനാണ് ഗ്രൂപ്പിന്റെ തലപ്പത്ത്. 14 പോയന്റുള്ള ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. യു.എ.ഇയുടെ അടുത്ത എവേ മത്സരം ഇറാനെതിരെ ടെഹ്റാനിലാണ്. ഫെബ്രുവരി ഒന്നിനാണ് മത്സരം. മാർച്ച് 24ന് ഇറാഖിനെയും 29ന് ദക്ഷിണകൊറിയയേയും നേരിടണം. ഗ്രൂപ്പിൽ ഏറ്റവും പിന്നിലുള്ള സിറിയക്ക് ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.
പ്രതിരോധതാരം അബ്ദുൽ സലാം മുഹമ്മദിനെയും മധ്യനിര താരം മജീദ് സുറൂറിനെയും ആദ്യ ഇലവനിൽ ഉൾപെടുത്താൻ സാധ്യതയുണ്ട്. ഷഹീൻ അബ്ദുൽ റഹ്മാനെ ഒഴിവാക്കി.
20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. യു.എ.ഇ പൗരൻമാർക്കും താമസ വിസയുള്ളവർക്കും മാത്രമാണ് പ്രവേശനം. എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് വിവരങ്ങൾ നൽകണം.
96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണികൾക്കായി 25, 26 തീയതികളിൽ വിവിധ ഭാഗങ്ങളിൽ സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്റ്റേഡിയത്തിന്റെ കവാടത്തിൽ കാണിക്കണം.
രണ്ട് ഡോസ് വാക്സിനെടുത്ത് ആറ് മാസം പിന്നിട്ടവർ ബൂസ്റ്റർ എടുത്തതിന്റെ രേഖകളാണ് കാണിക്കേണ്ടത്. ആറ് മാസം തികയാത്തവർ രണ്ട് ഡോസിന്റെ രേഖകൾ മൊബൈലിൽ കാണിച്ചാൽ മതി. 12 വയസിൽ കൂടുതലുള്ളവർക്ക് മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.